റാന്നി: റാന്നിയിൽ 180.72 കോടിയുടെ കുടിവെള്ള പദ്ധതികൾക്ക് തുടക്കമാകുന്നു. വെച്ചൂച്ചിറ, എഴുമറ്റൂർ, പെരുനാട്, പഴവങ്ങാടി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതികളുടെ നിർമാണോദ്ഘാടനം 12ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നിർമാണം പൂർത്തിയാകുന്നതോടെ ഈ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു.
പഴവങ്ങാടി പഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതി പൂർത്തിയാകുന്നതോടെ 6937 കുടുംബങ്ങൾക്ക് പുതിയ ഗാർഹിക കണക്ഷൻ ലഭിക്കും. കൂടാതെ പുതിയ ടാങ്കുകൾ, ഉയർന്ന ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പ്രത്യേക മോട്ടോറുകൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാന്നി മേജർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാന്റിൽനിന്ന് എത്തിക്കുന്ന ശുദ്ധീകരിച്ച വെള്ളമാണ് ഇവിടങ്ങളിൽ വിതരണം ചെയ്യുക. പഞ്ചായത്തിലെ എല്ലാ മേഖലയിലും കുടിവെള്ളം എത്തിക്കാനാകും.
പെരുനാട് പഞ്ചായത്തിലെ പദ്ധതിയിൽനിന്ന് 3338 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനാകും. പെരുനാട്-അത്തിക്കയം കുടിവെള്ള പദ്ധതിയിൽനിന്ന് ശുദ്ധീകരിച്ച വെള്ളമാണ് ഇവിടങ്ങളിൽ എത്തിക്കുക,
പദ്ധതിവഴി വെച്ചൂച്ചിറ പഞ്ചായത്തിലെ 4586 കുടുംബങ്ങൾക്കാണ് ഗാർഹിക കണക്ഷനുകൾ നൽകുക. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന മലയോര മേഖലക്ക് ഇത് വലിയ ആശ്വാസമാകും. എഴുമറ്റൂർ പദ്ധതിയിൽനിന്ന് 4519 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷനുകൾ നൽകും.
എഴുമറ്റൂർ പഞ്ചായത്തിൽ രാവിലെ 10നും പഴവങ്ങാടിയിൽ 11നും വെച്ചൂച്ചിറയിൽ ഉച്ചക്ക് 12നും പെരുനാട് രണ്ടിനുമാണ് ഉദ്ഘാടനം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.