റാന്നി: അറയാഞ്ഞിലിമൺ പാലം നിർമാണത്തിന്റെ കുരുക്കുകൾ അഴിഞ്ഞു. പാലത്തിന്റെ നിർമാണത്തിന് സർക്കാർ അംഗീകൃത പി.എം.സികളിൽനിന്നും ടെൻഡർ ക്ഷണിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ പ്രമോദ് നാരായൺ എം.എൽ.എക്ക് മറുപടി നൽകിയതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്.
അറയാഞ്ഞിലിമണ്ണിൽ ചെറിയ വാഹനങ്ങൾക്കുകൂടി കടന്നുപോകുംവിധമുള്ള ഇരുമ്പുപാലം നിർമാണത്തിനായി 2.69 കോടി രൂപയാണ് പട്ടികജാതി പട്ടികവർഗ വകുപ്പ് അനുവദിച്ചത്. പാലത്തിന്റെ നിർമാണം പൊതുമരാമത്ത് വകുപ്പ് ചെയ്യണമെന്ന് പട്ടികവർഗ വികസന വകുപ്പ് നിഷ്കർഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു.
എന്നാൽ, ഇരുമ്പും കോൺക്രീറ്റ് ഉപയോഗിച്ചുള്ള നിലവിലെ രൂപരേഖയിലുള്ള പാലത്തിന്റെ നിർമാണം അപ്രാപ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ രേഖാമൂലം അറിയിപ്പ് നൽകി.
കുരുമ്പൻമൂഴിയിൽ പാലം നിർമിക്കുന്ന മാതൃകയിൽ ടെൻഡർ നടത്തി പി.എം.സി മുഖേന പാലം നിർമിക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തുടർനടപടികൾ വൈകി. അടുത്ത വർക്കിങ് ഗ്രൂപ്പിൽ അനുമതി നൽകാൻ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.