റാന്നി: റബർ തടികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. വെച്ചൂച്ചിറ നിരവയിൽ നിന്ന് കുറുമ്പൻമൂഴി സ്വദേശി റെജി പോളിന്റെ ഏകദേശം 3.5 ടൺ മുറിച്ച റബർ തടികളാണ് മോഷ്ടിച്ചു കടത്തിയത്.
കൊല്ലമുള ചാത്തൻതറ സ്വദേശി അജാസ് (35), കൊല്ലമുള മണ്ണടിശാല പരുവ അഭിജിത് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 12ന് രാവിലെയാണ് റെജി മോഷണ വിവരം അറിയുന്നത്.
ലോറിയിൽ കയറ്റാൻ ഇട്ട തടികളാണ് മോഷണം പോയത്. റെജിയുടെ പരാതിയിൽ വെച്ചൂച്ചിറ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പൊലീസ് അന്വേഷണത്തിൽ തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി പരിശോധിച്ചതിൽ സംഭവ ദിവസം പുലർച്ച 3.30 ക്ക് മാക്സിമോ വാഹനത്തിൽ തടി കടത്തി കൊണ്ടുപോകുന്നത് കണ്ടെത്തി.
നമ്പർപ്ലേറ്റ് വ്യക്തമല്ലാത്തതിനാൽ വീണ്ടും നിരവധി സി.സി.ടി.വികൾ പരിശോധിച്ചപ്പോൾ കൊരട്ടി പാലം കടന്നു വാഹനം പോകുന്നതായി കണ്ടു. ഒടുവിൽ പൊൻകുന്നത്തുള്ള വെയിംഗ് ബ്രിഡ്ജിൽ എത്തി അന്വേഷണം നടത്തിയപ്പോൾ മാക്സിമോ വാഹനത്തിൽ തടി അവിടെ കൊടുത്തതായി കാണുകയും വാഹന രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ചപ്പോൾ അജാസിന്റെ വാഹനമാണെന്ന് മനസിലായി.
പ്രതിയെ തിരിച്ചറിഞ്ഞ ഉടനെ വെച്ചൂച്ചിറ സബ് ഇൻസ്പെക്ടർ സായി സേനൻ, സുഭാഷ്, അൻസാരി, ശ്യാം, ഷീൻരാജ്, ജോസൺ എന്നിവർ ചേർന്ന് അജാസിനെയെയും അഭിജിത്തിനെയും അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു.റാന്നി ഡി.വൈ.എസ് .പി ബിനുവിന്റെ മേൽനോട്ടത്തിൽ വെച്ചൂച്ചിറ ഇൻസ്പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.