റാന്നി: പെരുനാട് കൃഷിഭവൻ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച നെൽകൃഷിക്ക് നൂറുമേനി വിളവ്. കൂനങ്കര ബഥനി മലയോട് ചേർന്ന ഒന്നരയേക്കർ പുരയിടത്തിൽ രാധാമണിയും മോഹനൻ പിള്ളയും ചേർന്നാണ് നെൽകൃഷി ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും നെൽകൃഷി പൂർണവിജയത്തിലെത്തിക്കാൻ കഴിഞ്ഞു. ജനുവരിയിൽ കൃഷി ആരംഭിക്കുമ്പോൾ ഹ്രസ്വകാല നെൽ വിത്തിന്റെ ലഭ്യതയിൽ കുറവ് വന്നതോടെ കൃഷിഭവൻ സഹായത്തോടെ ആലപ്പുഴ വെട്ടിയാർ ഗ്രാമപഞ്ചായത്തിൽനിന്ന് ഞാർ എത്തിച്ചാണ് കൃഷി ആരംഭിച്ചത്. ഒന്നര ഏക്കർ നെൽകൃഷിക്ക് പുറമെ ഒരേക്കറിൽ ചോളവും കൃഷി ആരംഭിച്ചു. ഇരു കൃഷിയും മികച്ച വിളവാണ് നൽകിയത്.
നെൽപാടങ്ങൾ ഇല്ലാത്ത പെരുനാട് ഗ്രാമപഞ്ചായത്തിൽ പുതുതായി ആരംഭിച്ച നെൽകൃഷിക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും വലിയ പിന്തുണയാണ് നൽകിയത്. കൂടുതൽ പ്രദേശങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ആദ്യ നെൽകൃഷി പൂർണവിജയത്തിൽ എത്തിക്കാൻ വേനൽ മഴ വൈകിയതോടെ ഒരു കുളംകൂടി കുഴിച്ച് വെള്ളം പമ്പ് ചെയ്താണ് കൃഷി വിജയത്തിൽ എത്തിച്ചത്.
വിളവെടുപ്പ് ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ, വൈസ് പ്രസിഡന്റ് ശ്രീകല, രാജം ടീച്ചർ, സാമ്പത്തിക സ്ഥിതിവിവര കണക്ക് അഡീഷനൽ ജില്ല ഓഫിസർ പി. സേതുനാഥ്, സ്റ്റാറ്റിക്കൽ ഓഫിസർ ഒ. സുബ്രഹ്മണ്യം, കൃഷി ഓഫിസർ, ശ്രീതി, സീനിയർ കൃഷി അസിസ്റ്റന്റുമാരായ എൻ. ജിജി, ജ്യോതിഷ് കുമാർ, ഇൻവെസ്റ്റിഗേറ്റർ മുഹമ്മദ് സാലിഹ് കർഷകർ തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.