റാന്നി: അയിരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ വഴിക്കുവേണ്ടി സത്യഗ്രഹ സമരം ചെയ്യുന്ന വയോധിക 300 ദിവസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ അവഗണിക്കുന്നതായി ആരോപണം. അയിരൂർ പഞ്ചായത്തിലെ ഇലങ്കത്ത് വീട്ടിൽ സരസമ്മയും(86) മകൾ ഉഷയുമാണ് അയിരൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ വീട്ടിലേക്കുള്ള വഴിക്കുവേണ്ടി സത്യഗ്രഹം നടത്തുന്നത്.
സമരം തുടങ്ങി ഒരു കൊല്ലം എത്തിയിട്ടും മുഖം തിരിച്ച സമീപനമാണെന്നാണ് സമരക്കാർ പറയുന്നത്. തുടർന്നും പഞ്ചായത്ത് തീരുമാനം ഉണ്ടാക്കിയില്ലങ്കിൽ ആത്മാഹുതിയല്ലാതെ മറ്റ് മാർഗം ഇല്ലന്നാണ് ഇവർ പറയുന്നത്. വീട്ടിലേക്കുള്ള പൊതുവഴി അയൽവാസി കെട്ടിയടച്ചതിനാൽ വഴിക്ക് സൗകര്യം ഇല്ലെന്നുള്ള പരാതിയുമായാണ് പഞ്ചായത്തിനെ സമീപിക്കുന്നത്.
എന്നാൽ, 10 മാസം കഴിഞ്ഞിട്ടും പഞ്ചായത്ത് കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ് വിഷയം പരിഹരിച്ചില്ലെന്നാണ് സരമ്മയുടെയും മകൾ ഉഷയുടെയും ആരോപണം. പരാതി കൊടുത്ത് പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ ആദ്യം പ്ലക്കാർഡുമായി സമരം തുടങ്ങിയ ദിവസംരണ്ടു മണിക്കൂറിനുള്ളിൽ പഞ്ചായത്ത് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ, ആവശ്യം സാധിക്കാതെ സമരത്തിൽനിന്ന് പിൻമാറില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നതിനാൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇടപെട്ട് ചർച്ച ചെയ്ത് 15 ദിവസത്തിനുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ, 15 കൂടാതെ 300 ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ പഞ്ചായത്തിനെ സമീപിച്ചപ്പോൾ വിഷയത്തിൽ കോടതി നോട്ടീസ് ഉള്ളതിനാൽ പ്രശ്നം പിന്നീട് പരിഹരിക്കാമെന്ന് അധികൃതർ പറഞ്ഞു.
സമരം തുടങ്ങിയിട്ട് 300ലധികംദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ അവഗണിക്കുകയാണെന്ന് സരസമ്മയുടെ പരാതി. സർക്കാർ നടത്തിയ പരാതി പരിഹാരമേളകളിലും കലക്ടർക്കു പരാതി നല്കിയെങ്കിലും ഫലം കണ്ടില്ലന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.