റാന്നി: കോവിഡ് കാലത്തെ മറികടക്കാൻ പതിവ് രീതിമാറി ഓൺലൈൻ പഠനത്തിലേക്ക് ചുവടുവെച്ചെങ്കിലും വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ വ്യത്യസ്തമായ പഠന പ്രവർത്തനങ്ങളുമായാണ് പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നത്. വീടൊരു വിദ്യാലയം എന്ന ആശയം മുൻ നിർത്തി പ്രവർത്തനപരിപാടികളാണ് മുന്നോട്ട് വെക്കുന്നത്. പ്രവേശനോത്സവത്തോടുകൂടി വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും. വിദ്യാലയം ഒരുക്കിയ സഞ്ചരിക്കുന്ന ക്ലാസ് മുറി കുട്ടികളുടെ വീടുകളിലെത്തും. പുസ്തകം, മറ്റു പഠനോപകരണങ്ങൾ, ആശംസ സന്ദേശങ്ങൾ എന്നിവ കുട്ടികൾക്ക് കൈമാറും.
ഓൺലൈൻ പഠനത്തിന് സ്കൂൾ വിപുലമായ ക്രമീകരണം ഏർപ്പെടുത്തി. ക്ലാസ് അടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്, സ്കൂൾ വെബ്സൈറ്റ്, ടെലിഗ്രാം ചാനൽ, യൂ ട്യൂബ് ചാനൽ, സ്കൂളിെൻറ ആൻഡ്രോയ്ഡ് ആപ്, വെർച്വൽ ക്ലാസ് റൂം തുടങ്ങിയ സംവിധാനങ്ങളാണ് ഓൺലൈൻ പഠനത്തിനായി ഒരുക്കിയത്. കൂടാതെ സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ പഠന സംവിധാനങ്ങൾ എല്ലാ കുട്ടികൾക്കും ലഭിക്കാൻ ക്രമീകരണവും ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും വേണ്ടി പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഇവർക്കായും സഞ്ചരിക്കുന്ന ക്ലാസ് മുറികൾ ഒരുക്കി.
വിദ്യാലയത്തിൽ നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയാണുള്ളത്. ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം വിഭാഗങ്ങളിലായി നാനൂറോളം കുട്ടികൾ പഠിക്കുന്നു. ഒന്നാം ക്ലാസിൽ ഇതിനോടകം 51കുട്ടികൾ ചേർന്നതായി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അറിയിച്ചു. റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നതും ഇവിടെയാണ്.
ഓൺലൈൻ പഠനത്തെക്കുറിച്ചു രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് ഓൺലൈൻ ക്ലാസ് പി.ടി.എകൾ സംഘടിപ്പിച്ച് ആവശ്യമായ മുന്നൊരുക്കം നടത്തിയ ശേഷമാണ് പുതിയ അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്.
പ്രവേശനോത്സവ വിളംബരമായി എല്ലാ കുട്ടികളുടെയും വീടുകളിൽ അക്ഷരദീപം തെളിച്ചു. രാവിലെ 11ന് പ്രവേശനോത്സവം ഉദ്ഘാടനം ഓൺലൈനിൽ പ്രമോദ് നാരായൺ എം.എൽ.എ നിർവഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യസന്ദേശം നൽകും. സി.എസ്.ഐ മധ്യ കേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.