റാന്നി: കാഴ്ചക്കാരെ കുറുമ്പുകാട്ടി ഓടിനടക്കുന്ന കുട്ടിയാന കൗതുകമാകുന്നു. അരികിലെത്തുന്നവരെ കുട്ടിത്തുമ്പിക്കൈകൊണ്ട് ചുറ്റിയും പിന്നാലെ നടന്നും റാന്നി ഫോറസ്റ്റ് ഓഫിസിലെത്തിച്ച കുട്ടിയാനയാണ് ആകർഷണമാകുന്നത്. റാന്നിയിൽ വനം വകുപ്പിന്റെ ദ്രുതകർമസേന കേന്ദ്രത്തിലെ ഗ്രില്ലിട്ട മുറിയിലാണ് കുട്ടിയാനയുള്ളത്. വനപാലകരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും പരിചരണത്തിലും ലാളനയിലുമാണ് അപ്രതീക്ഷിതമായെത്തിയ അതിഥി. \
കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്ന കുട്ടിയാന ഇപ്പോൾ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തി. അടുത്താഴ്ച കോന്നിയിലെയോ കോട്ടൂരിലിയോ ആനത്താവളത്തിലേക്ക് മാറ്റും. വ്യാഴാഴ്ച രാവിലെ കുരുമ്പൻമൂഴിയിൽ വനാതിർത്തിയോട് ചേർന്ന റബർ തോട്ടത്തിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.
കുത്തനെയുള്ള ചരിവിൽ പ്രസവിച്ച സ്ഥലത്തുനിന്ന് 150 മീറ്ററോളം താഴേക്ക് നിരങ്ങിവീണ ആനക്കുട്ടിയെ തിരികെ കയറ്റി വനത്തിലേക്ക് കൊണ്ടുപോകാനാകാതെ ആനക്കൂട്ടം മടങ്ങിയതാണെന്ന നിഗമനത്തിലാണ് വനപാലകർ. വെച്ചൂച്ചിറ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നടത്തിയശേഷം വെള്ളിയാഴ്ച വൈകീട്ടോടെയാണ് റാന്നിയിലെത്തിച്ചത്. കുട്ടിയാനയുടെ ആരോഗ്യനില നിരന്തരം പരിശോധിക്കുന്നുണ്ട്. സന്ദർശകരെ നിയന്ത്രിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.