റാന്നി: ഇട്ടിയപ്പാറയിലെയും പരിസരത്തെയും അനധികൃത പാര്‍ക്കിങ്ങും വഴിയോര കച്ചവടവും ടൗണിലെത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. മുമ്പ് പഴവങ്ങാടി പഞ്ചായത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. ഒഴിപ്പിച്ചവരെ ചന്തയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒപ്പം അനധികൃത പാര്‍ക്കിങ്ങും ഒഴിവാക്കിയതോടെ ടൗണില്‍ ഗതാഗതം സുഗമമായിരുന്നു. എന്നാല്‍, സംസ്ഥാനപാതയുടെ നവീകരണം നടത്തിയതിനു പിന്നാലെ ഗതാഗതം കുത്തഴിഞ്ഞു. കോവിഡിന് ശേഷം ചന്തയില്‍ പഴയ വ്യാപാരം ഇല്ലാതായതോടെ വഴിയോര കച്ചവടക്കാര്‍ ടൗണില്‍ തിരിച്ചെത്തി.
പുതുതായി നിർമാച്ച നടപ്പാത കൈയേറിയുള്ള വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ്. പഞ്ചായത്ത് ഭരണസമതി തീരുമാനം നടപ്പാക്കാന്‍ ഇപ്പോള്‍ താൽപര്യം കാട്ടുന്നുമില്ല. അതുപോലെ ഇട്ടിയപ്പാറ ടൗണിലെ പ്രധാന പ്രശ്നമാണ് അനധികൃത പാര്‍ക്കിങ്. പാര്‍ക്കിങ്ങിനായി പൊലീസും പി.ഡബ്ല്യു.ഡിയും പഞ്ചായത്തും സ്ഥലങ്ങള്‍ അടയാളപ്പെടുത്തി നല്‍കിയിരുന്നു. പുതിയ പാത വന്നതോടെ പാര്‍ക്കിങ്ങിന് സ്ഥലമില്ലാതായി. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡും അനധികൃത പാര്‍ക്കിങ്ങുകാര്‍ കൈയടക്കി. വാര്‍ത്തയാകുന്നതോടെ പൊലീസ് പിഴ ചുമത്തുന്നുണ്ട്. ബസ് സ്റ്റാന്‍ഡില്‍ മറ്റു വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍, ഇത് ആരും കണ്ടഭാവം നടിക്കുന്നില്ല. ടൗണിലെ തിരക്കേറിയ സ്ഥലങ്ങളിലെ കുത്തിത്തിരിക്കലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. പാർക്കിങ്ങിന് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ കച്ചവടക്കാർ കടയുടെ ബോര്‍ഡുകൾ സ്ഥാപിക്കുന്ന സംഭവങ്ങളുമുണ്ട്. ഇത് ഒഴിവാക്കി പൂർണമായ വണ്‍വേയും അനധികൃത വഴിയോര കച്ചവടവും ഒഴിവാക്കാൻ ഭരണസമതി ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.