റാന്നി: മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകർന്നു. റാന്നിയിൽനിന്ന് വെച്ചൂച്ചിയിലേറക്ക് പോകുന്ന പ്രധാന പാതയാണിത്. പാതയിൽ കുന്നം ആനമാടം ജങ്ഷനിലും വെച്ചൂച്ചിറ കാർഷിക സംഘം വിപണിക്കു സമീപം കുംഭിതോട്ടിലേക്ക് തിരിയുന്ന ഭാഗത്തും റോഡിന്റെ മധ്യഭാഗം വരെ ടാർ ചെയ്യാതെ വലിയ കുഴിയായി.
വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കുഴികൾ ശ്രദ്ധയിൽപെടുന്നത്. നല്ല ഇറക്കമായതിനാൽ ബ്രേക്ക് ചെയ്താലും കുഴിയിൽ വീഴുന്ന സ്ഥിതിയാണ്. വിജനമായ സ്ഥലത്ത് സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടായതിനാൽ അപകട സാധ്യത കൂടുതലാണ്. പ്രധാനമായും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. പോളിടെക്നിക്, നവോദയ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മേഖലയായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ട് വലിയ അപകടം നടന്നു. ഇരുചക്രവാഹങ്ങളാണ് അപകടത്തിൽപെട്ടത്. ആദ്യ അപകടത്തിൽ സ്ത്രീ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. 18ന് നടന്ന അപകടത്തിൽ വെച്ചൂച്ചിറ സ്വദേശികളായ രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്കേറ്റു. പലരും അപകടത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
കോന്നി: അഞ്ചുകുഴി-കുടപ്പനക്കുളം റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വനം വകുപ്പിന്റെ കീഴിലുള്ള 2.5 കിലോമീറ്റർ റോഡാണ് വർഷങ്ങളായി അറ്റകുറ്റപ്പണി ഇല്ലാതെ കിടക്കുന്നത്. വർഷങ്ങളായി നിർമാണ പ്രവർത്തനങ്ങൾ നടക്കാത്ത ഈ റോഡ് റാന്നി, കോന്നി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തണ്ണിത്തോട്, മണിയാർ റോഡിന്റെ ഭാഗമാണ്.
തണ്ണിത്തോട് പഞ്ചായത്തിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ജനങ്ങൾ ഉപയോഗിച്ചിരുന്ന ആദ്യകാല റോഡായിരുന്നു ഇത്. എന്നാൽ, പിന്നീട് കോന്നി-തണ്ണിത്തോട് റോഡ് വികസിച്ചതോടെ ഈ റോഡിന്റെ പ്രാധാന്യം കുറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിൽനിന്ന് മണിയാർ, കുടപ്പനക്കുളം വഴി തണ്ണിത്തോട് മേടപ്പാറയിലേക്ക് ബസ് സർവിസ് ഉണ്ടായിരുന്നു. റോഡ് തകർച്ചയെ തുടർന്ന് സർവിസ് നിർത്തി.
തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതൽ സഞ്ചാരയോഗ്യമാണ്. ഇതിനിടയിലുള്ള ഭാഗം തകർച്ചയിലായതുമൂലം കട്ടച്ചിറ, കുടപ്പനക്കുളം വനമേഖല പ്രദേശങ്ങളിലെ നാനൂറിലേറെ കുടുംബങ്ങളാണ് യാത്രാസൗകര്യം ഇല്ലാതെ ഒറ്റപ്പെടുന്നത്. കുടപ്പനക്കുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫിസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ-തണ്ണിത്തോട് റോഡിലെ നീലിപ്പിലാവിൽ എത്തി ചുറ്റി പോകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.