റാന്നി: റാന്നി സബ് ജില്ലയിലെ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിലെ കുരുന്നുകൾക്ക് ഈ അധ്യയന വർഷം പക്ഷിക്കൂടുകളിലായിരിക്കും പഠനം. മുൻ വർഷങ്ങളിൽ വിദ്യാലയ ചുവരിൽ കടലിന്റെ അടിത്തട്ടിലെ കാഴ്ചകളും ജല ജീവികളും കാനനഭംഗിയും വന്യജീവികളും കാർട്ടൂൺ കഥാപാത്രങ്ങളും അന്യഗ്രഹ ജീവികളും ബഹിരാകാശ കാഴ്ചകളുമൊക്കെയായി കാഴ്ചയുടെ വർണ്ണ വൈവിദ്ധ്യം ഒരുക്കിയ വിദ്യാലയം പുതിയ വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ പക്ഷികളുടെ കൗതുക ലോകമൊരുക്കിയാണ് അണിഞ്ഞൊരുങ്ങുന്നത്.
വിദ്യാലയത്തിന്റെ ചുവരുകൾക്ക് ചാരുതയേകി പക്ഷികളുടെ കൗതുകലോകം നിറച്ചാർത്തണിഞ്ഞ് പുതിയ അധ്യയന വർഷത്തിലെത്തുന്ന നവാഗതരെ വരവേൽക്കുവാൻ അടിമുടി ഒരുങ്ങിക്കഴിഞ്ഞു. നാട്ടിൽ സാധാരണ കണ്ടുവരുന്ന പക്ഷികൾക്കൊപ്പം വിദേശികളും ദേശാടനപക്ഷികളുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. പക്ഷികളുടെ വർണ്ണപ്രപഞ്ചം കുട്ടികൾക്ക് കൗതുകവും വിദ്യാലയാന്തരീക്ഷം താല്പര്യവും ആകർഷകവുമാകുമെന്ന് ചിന്തയാണ് ഈ വർഷവും വിദ്യാലയാന്തരീക്ഷം ഇത്തരത്തിൽ ഒരുക്കാൻ അധ്യാപകരെ പ്രേരിപ്പിച്ചത്.
മയിൽ, തത്ത, കുരുവി, ഉപ്പൻ, കൊക്ക്, പൊന്മാൻ, ഒട്ടകപ്പക്ഷി തുടങ്ങി അമ്പതിലധികം പക്ഷികളുടെ ജീവൻ തുടിക്കുന്ന മനോഹര ചിത്രങ്ങളാണ് പൂർത്തിയായത്. പക്ഷികളുടെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയുമൊക്കെ കോർത്തിണക്കിയുള്ള മനോഹര ചിത്രങ്ങൾ വരച്ചത് സ്കൂളിലെ തന്നെ അധ്യാപകനായ എം.ജെ.ബിബിനാണ്. ഓരോ വർഷവും വിദ്യാലയത്തിന്റെ ചുവരുകളിൽ വ്യത്യസ്ത ചിത്രങ്ങളൊരുക്കുന്ന ബിബിൻ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി ഒരു ആശയത്തെ മുൻനിർത്തിയാണ് ചിത്രങ്ങൾ രചിക്കുന്നത്.
വിദ്യാലയ ചുവരിലെ ചിത്രരചനയിൽ പഠന പ്രവർത്തനങ്ങളുടെ അമൂല്യശേഖരം തന്നെ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. എണ്ണൂറാം വയൽ സ്കൂൾ കുട്ടികൾക്ക് നൽകിയ അവധിക്കാല പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു പ്രവർത്തനം കിളിപ്പാട്ട് ചലഞ്ച് ആയിരുന്നു. ശബ്ദങ്ങളിൽ നിന്നും സൂചനകളിൽ നിന്നും കുട്ടികൾ പക്ഷികളെ തിരിച്ചറിയുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ചിലൂടെ കുട്ടികൾ കണ്ടെത്തിയ പക്ഷികളെയാണ് വിദ്യാലയ ചുവരുകളിൽ ഒരുക്കിയിട്ടുള്ളത്. ബിബിന്റെയൊപ്പം സുഹൃത്തുക്കളായ അജീഷ് പാമ്പാടി, ഷിനോ പുതുപ്പള്ളി, ഷിജോ ഞാലിയാകുഴി എന്നിവരും ചേർന്നാണ് ചിത്രങ്ങൾ രചിച്ചിരിക്കുന്നത്. അധ്യാപകരും ലോക്കൽ മാനേജർ റവ. സോജി വി .ജോണിന്റെ നേതൃത്വത്തിൽ മാനേജ്മെന്റും പി.ടി.എ പ്രസിഡന്റ് ഷൈനു ചാക്കോയുടെ നേതൃത്വത്തിൽ രക്ഷിതാക്കളും പൂർണ പിന്തുണയുമായി ഒപ്പമുണ്ട് .
എണ്ണൂറാം വയലിലെ വിശേഷങ്ങൾ ഇതുകൊണ്ടും തീരുന്നില്ല. ഒന്നാം ക്ലാസ്സിലേക്കെത്തുന്ന കുരുന്നുകൾക്ക് വേണ്ടി പാഠപുസ്തകം തന്നെ ക്ലാസ്സ് മുറിയിലെ ചുവരിൽ ഒരുക്കിയിട്ടുണ്ട്. ഈ വർഷം ഒന്നാം ക്ലാസ്സിൽ പരിഷ്കരിച്ച പാഠപുസ്തകമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. പാഠ പുസ്തകം പുറത്തിറങ്ങിയപ്പോൾ തന്നെ ബിബിന്റെ കരവിരുതിൽ അവയൊക്കെ മനോഹര ചിത്രങ്ങളായി മാറിക്കഴിഞ്ഞു. അങ്ങനെ ഒന്നാം ക്ലാസ്സ് ഒന്നാം തരമാക്കി. എന്നും പ്രവേശനോത്സവം വ്യത്യസ്തവും ആകർഷവുമാക്കി കുരുന്നുകളെ വരവേൽക്കുന്ന എണ്ണൂറാംവയൽ സ്കൂളിൽ പുതിയ അധ്യയന വർഷത്തിലും കുട്ടികളെ വരവേൽക്കുവാൻ കൗതുകക്കാഴ്ചയുമായി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.