റാന്നി: പൊതുമരാമത്ത് വകുപ്പ് റോഡുകൾ കൈയേറി അനധികൃതമായി തടി ലോഡ് ചെയ്യുന്നത് യാത്രക്കാർക്ക് വിനയാകുന്നു. പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വളവുകൾ നിവർത്തിയപ്പോൾ ബൈറോഡായി മാറിയ പഴയ റോഡിലെ ജനവാസ മേഖലയിലാണ് കച്ചവടക്കാർ തടി കൂട്ടിയിട്ടിരിക്കുന്നത്.
ഗതാഗതം തടസ്സപ്പെടുത്തി ലോറിയിൽ തടികൾ കയറ്റുകയും ഇവ റോഡരികിൽ കൂട്ടിയിടുകയും ചെയ്യുകയാണ് പതിവ്. റാന്നി വൈക്കം പെട്രോൾ പമ്പിനു സമീപം ഗതാഗതം തടസ്സപ്പെടുത്തിയാണ് ലോറിയിൽ തടി കയറ്റുന്നതെന്ന് പരാതിയുണ്ട്.
പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറക്കാൻ വരുന്ന വാഹനങ്ങൾക്ക് തടസ്സമായിട്ടായിരുന്നു തടി കയറ്റൽ. മാത്രമല്ല അറ്റകുറ്റപ്പണി നടത്താതെ കിടക്കുന്ന റോഡ് തടികയറ്റൽ മൂലം തകർച്ച നേരിട്ടു തുടങ്ങി. റോഡ് വശങ്ങളെല്ലാം താഴ്ന്നു.
കനത്ത മഴകൂടി ആകുമ്പോൾ ഇരുവശവും ചള്ളനിറഞ്ഞു. വൈക്കം മുതൽ മന്ദിരം വരെ മൂന്ന് വലിയ വളവാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട് നിവർത്തിയത്. ഇതുമൂലം പഴയ റോഡുകൾ ബൈറോഡുകളായി മാറി.
ഇപ്പോള്‍ പിക്അപ് വാഹനങ്ങളില്‍ തടി എത്തിച്ച് റോഡരികില്‍ തള്ളിയിരിക്കുകയാണ്. ഇതുമൂലം വലയുന്നത് പ്രദേശവാസികളാണ്. വിഷയം പൊതുമരാമത്ത് അധികൃതരെ അറിയിച്ചാലും പ്രയോജനം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം അനധികൃത പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പൊതുമരാമത്ത് റോഡ് വിഭാഗം പറയുമെങ്കിലും നടപടിയില്ല. ഏഴ് ദിവസത്തിനകം ഇത്തരത്തില്‍ റോഡരികില്‍ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ സാധനങ്ങളും നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം സാധനങ്ങള്‍ ബലമായി പിടിച്ചെടുക്കുമെന്നും പറഞ്ഞു മുമ്പ് അധികൃതര്‍ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങൾക്ക് പ്രശ്നമില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.