ബി.ജെ.പി ആരെ തുണക്കും? അവിശ്വാസച്ചൂടിൽ റാന്നി പഞ്ചായത്ത്​; ഇരുമുന്നണികൾക്കും കടുത്ത ആശങ്ക

റാന്നി: റാന്നി പഞ്ചായത്തിൽ വെള്ളിയാഴ്ച നടക്കുന്ന അവിശ്വാസത്തിൽ ഇരുമുന്നണികൾക്കും ആശങ്ക. മാണി ഗ്രൂപ്പുകാരിയായ പ്രസിഡൻ്റ് ശോഭാ ചാർളിക്കെതിരെയാണ് യു.ഡി.എഫിലെ നാല് അംഗങ്ങളും ഒരു സ്വതന്ത്രനും ഒപ്പിട്ട അവിശ്വാസം റാന്നി ബി.ഡി.ഒ ക്ക് നൽകിയത്. അതേ സമയം യു.ഡി.എഫിലെ ഒരംഗം ഒപ്പിട്ടു നൽകിയിട്ടില്ല.

ശോഭാ ചാർളിയെ താഴെ ഇറക്കണമെങ്കിൽ 7 പേർ വോട്ട് ചെയ്യണം. ബി.ജെ.പിയിലെ രണ്ട് പേർ അവിശ്വാസത്തെ അനുകൂലിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അതേസമയം നീക്കം പൊളിയുമെന്ന തികഞ്ഞ പ്രതീക്ഷ എൽ.ഡി.എഫും വച്ചുപുലർത്തുന്നു.

കഴിഞ്ഞ തവണ ഒരു രാത്രി കൊണ്ടാണ് യു.ഡി.എഫിന് പ്രതീക്ഷകൾ തകിടം മറിഞ്ഞത്. സ്വതന്ത്രനായി വിജയിച്ച കെ.ആർ. പ്രകാശിനെ പ്രസിഡൻ്റ് സ്ഥാനം നൽകി മുന്നോട്ട് പോയപ്പോൾ ബി.ജെ.പി, എൽ.ഡി.എഫ് പിന്തുണയോടെ മാണി ഗ്രൂപ്പിലെ ശോഭാ ചാർളി പ്രസിഡന്‍റ്​ ആകുകയായിരുന്നു. സംസ്ഥാനത്ത് വലിയ വിവാദത്തിനും തിരികൊളുത്തിയിരുന്നു. ഇത്തവണ ബി.ജെ.പി അംഗങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നതാണ് വോട്ടർമാർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ തവണത്തെ ബി.ജെ.പിയുടെ പിന്തുണ പ്രവർത്തകർക്കിടയിൽ അമർഷത്തിനു വഴിയൊരുങ്ങിയിരുന്നു. 15 ദിവസം കഴിഞ്ഞ് നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ടു നിന്നാൽ പോലും ഒരംഗം ഇടഞ്ഞു നിൽക്കുന്നതിനാൽ ഭരണം യു.ഡി.എഫിന്​ അനായാസം ലഭിക്കില്ല.

പ്രസിഡൻറിന്‍റെ സ്വജനപക്ഷപാത നടപടിക്കെതിരെയാണ് അവിശ്വാസനോട്ടീസ് നൽകിയിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു സഞ്ജയൻ, മിനി തോമസ്, മിനു ഷാജി, പ്രസന്നകുമാരി, സ്വതന്ത്ര അംഗം കെ.ആർ. പ്രകാശ് എന്നിവരാണ് ഒപ്പിട്ടത്. 13 അംഗ പഞ്ചായത്തിൽ യു.ഡി.എഫ് - 5, എൽ.ഡി.എഫ് - 5, ബി.ജെ.പി - 2, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷിനില.

ഇതിനിടെ വ്യാഴാഴ്​ച അജ്​ഞാത ​സംഘങ്ങളുടെ വക പോസ്റ്റർ യുദ്ധവും അരങ്ങേറി. സേവ് സി.പി.എം, വർഗീയത തുലയട്ടെ എന്നിങ്ങനെയുള്ള പോസ്റ്ററുകളും ജോസഫ് ഗ്രൂപ്പ് അംഗം സച്ചിൻ വയല അവിശ്വാസത്തിൽ ഒപ്പിടാത്തതിനെചൊല്ലി റാന്നിയിലെ ജനാധിപത്യ വിശ്വാസികൾ എന്ന പേരിലുമാണ്​ നോട്ടീസും പോസ്റ്ററുകളും പ്രചരിച്ചത്​.

Tags:    
News Summary - no confidence motion in ranni gram panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.