റാന്നി: വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് റാന്നി പഞ്ചായത്തിലെ പുതുശ്ശേരിമല, തട്ടയ്ക്കാട്, ഉതിമൂട് , കരണ്ടകപാറ പർവതം, പാഡ്യൻ പാറ ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ വെള്ളം കിട്ടാക്കനിയാണ്. വർഷങ്ങളായി വേനൽ ആരംഭത്തിൽ തന്നെ പ്രശ്നം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഇവ. മാർച്ചിലെ കഠിനചൂട് ഇത്തവണ ജനുവരി പകുതിയോടെ എത്തിയതോടെ പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വറ്റി.
നാല്, അഞ്ച് വാർഡിലൂടെ ജലനിധി കടന്നുപോകുന്നെങ്കിലും പ്രവർത്തനം ഇല്ല. നിലവിൻ, എഴാം വാർഡിലെ കരണ്ടകപാറ ഭാഗത്താണ് ജലക്ഷാമം അതിരൂക്ഷം. ദിവസവും പണം കൊടുത്ത് ടാങ്കറിൽ വെള്ളം ശേഖരിച്ചാണ് ജനജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
മേജർ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ റാന്നി പഞ്ചായത്തിലെ വിവിധ വാർഡുകളുമായി ബന്ധിപ്പിച്ചെങ്കിലും ഭൂരിഭാഗം പ്രദേശത്തും ഇതിന്റെ പ്രയോജനം ലഭ്യമായിട്ടില്ല. ഉയർന്ന പ്രദേശമായ ഇവിടെ പൈപ്പുകളിൽ വെള്ളം എത്താത്തത് ഫോഴ്സ് കുറവാണെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. നേരത്തെ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം വന്നിരുന്നത് ഇപ്പോൾ പൂർണമായി നിലച്ച അവസ്ഥയിലാണ്.
ജലനിധി പദ്ധതിയായ തട്ടക്കാട്ടിലെ പദ്ധതി പൂർണമായും ഉപയോഗരഹിതമായതാണ് ഏഴാം വാർഡിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. പഞ്ചായത്ത് അധികൃതർ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ സമര പരിപാടികളെക്കുറിച്ച് നാട്ടുകാർ ആലോചിച്ചു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.