റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വലിയ കലുങ്ക് കനാല്‍പാലത്തിന് കീഴില്‍ മണ്ണുമാന്തി യന്ത്രവുമായെത്തിയ ലോറി കുടുങ്ങി. കുടുങ്ങിയതിന് ലോറി പാലത്തിന് അടിയിലൂടെ പുറത്തേക്ക് എടുത്തതോടെ യന്ത്രത്തിന്റെ മുകള്‍ ഭാഗവും മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റും അടര്‍ന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് റാന്നി ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്കു യന്ത്രവുമായി വന്ന ചരക്കുലോറിയാണ് പാലത്തിന്റെ അടിയില്‍ അകപ്പെട്ടത്. യന്ത്രത്തിന്റെ ഭാഗം പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാരിയുടെ മുന്നിലേക്കാണ് വീണത്.
അപകടം ഒഴിവായത് തലനാരിഴക്കാണ്. ലോറിയും മണ്ണുമാന്തിയന്ത്രവും അടിയില്‍ പെട്ടതോടെ പാതയില്‍ ഗതാഗതകുരുക്കും ഉണ്ടായി. മണ്ണുമാന്തി യന്ത്രത്തിന്റെ കാബിന് നീര്‍പ്പാലത്തില്‍ കുടുങ്ങി കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനപാത ഉന്നത നിലവാരത്തില്‍ നിർമിച്ച ശേഷമാണ് ഉയരം കൂടുതലുള്ള വാഹനങ്ങള്‍ പാലത്തിന് അടിയില്‍പെടുന്നത് നിത്യ സംഭവമായത്. പഴയപാതയില്നിന്ന് രണ്ടടിയോളം ഉയര്‍ത്തിയായിരുന്നു പുതിയത് നിർമിച്ചത്.
പരാതി വ്യാപകമായതോടെ പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും മേല്‍പ്പാലം നിർമിക്കുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അധിക തുക അനുവദിക്കാനാവില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിലപാടില്‍ പാത പഴയപടി തുടരുകയായിരുന്നു. പാലത്തിന്റെ ഉയരം സൂചിപ്പിക്കുന്ന ബോര്‍ഡും സുരക്ഷക്കായി ഇരുമ്പ് പൈപ്പും ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിച്ച ശേഷവും ഇതാണ് അവസ്ഥ. മറുവശത്തും ഇതു സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും ലോറികള്‍ ഇടിച്ചുകയറാന്‍ കാരണമാവും. ഇതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.