റാന്നി: കോഴഞ്ചേരി-റാന്നി റോഡിലെ പുതമണ്ണിൽ പുതിയ പാലം പണിയുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച അവകാശ പ്രഖ്യാപന സമ്മേളനം നടത്തുമെന്ന് പൗരസമിതി. പുതമണ്ണിൽനിന്ന് കീക്കോഴൂരിലേക്ക് പ്രതിഷേധ പ്രകടനവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. ബലക്ഷയം സംഭവിച്ച് പുതമണ്ണിലെ പാലത്തിൽ അപകട സാധ്യത ഉണ്ടായതിനെ തുടർന്ന് ഒരുവർഷമായി കോഴഞ്ചേരി-റാന്നി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ മേഖലയിലെ ലക്ഷകണക്കിനുപേർ ഒരുവർഷമായി ബുദ്ധിമുട്ടുകയാണ്. കിലോമീറ്ററുകൾ ചുറ്റി മണിക്കൂറുകൾ വൈകിയാണ് ജനം ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ശബരിമലല പാതയിലെ പ്രധാന റോഡ് കൂടിയാണിത്. ശബരിമല സീസൺ അടുത്തിരിക്കെ ഗതാഗത തടസ്സം അയ്യപ്പഭക്തരെ വലിയ പ്രതിസന്ധിയിലാക്കും. അടിയന്തരമായി ഗതാഗത സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി പ്രതിഷേധം തുടങ്ങിയതിനെ തുടർന്ന് താൽക്കാലിക പാത നിർമിക്കാൻ സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ, അനുമതി കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം നടന്നില്ല. താൽക്കാലിക പാത വൈകുന്നതിൽ പ്രതിഷേധിച്ച് വീണ്ടും നാട്ടുകാർ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ജൂൺ 12നാണ് തകർന്ന പുതമൺ പാലത്തിന് പകരം പുതിയ താൽക്കാലിക പാത നിർമിക്കാൻ അനുമതി ലഭിച്ചത്. ആഗസ്റ്റിൽ നിർമാണ കരാറായെങ്കിലും തുടർന്ന് പാത പോകുന്ന ഭാഗത്തെ മരം മുറിച്ചുമാറ്റുക മാത്രമാണ് ചെയ്തിരുന്നത്. ചെറുകോൽ പഞ്ചായത്താണ് താൽക്കാലിക പാതക്ക് സ്ഥലം ഏറ്റെടുത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.