റാന്നി : വീതി വർധിപ്പിച്ച റാന്നി- അത്തിക്കയം റോഡിലെ ചെത്തോങ്കര- അത്തിക്കയം ഭാഗത്തെ കരികുളം സംരക്ഷിത വനമേഖലയിൽ മരക്കുറ്റി നിലനിർത്തി കോൺക്രീറ്റ് ചെയ്തു. റോഡിന്റെ വശത്താണ് മരത്തിന്റെ കുറ്റി കോൺക്രീറ്റിന് മുകളിലേക്ക് ഉയർന്നുനിൽക്കുന്നത്. ഇതുമൂലം അപകടങ്ങൾക്ക് സാധ്യതയേറിയതായി നാട്ടുകാർ പറഞ്ഞു. ഇതേഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തിക്ക് പലയിടത്തുമുള്ള തകരാർ പരിഹരിക്കാതെ അതേ കെട്ടിന് മുകളിൽ കല്ല് കെട്ടി വാർക്കുകയായിരുന്നെന്നും പരാതിയുണ്ട്.
റാന്നിയിൽ നിന്ന് കിഴക്കൻ മേഖലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ അത്തിക്കയം, പെരുനാട്, വെച്ചൂച്ചിറ, കുടമുരുട്ടി എന്നീ ടൗണുകളുമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമലയുടെ മറ്റൊരു പ്രധാന ഉപവഴിയാണ്.
ശബരിമല സീസൺ കാലത്ത് ഇതുവഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. നേരത്തെ ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിച്ച ഈ റോഡിന് വീതി വളരെ കുറവാണ്. പലഭാഗങ്ങളിലും കൊടും വളവുകളും മൺതിട്ടകളുമാണ്. റോഡിന്റെ വീതി കൂട്ടുക, വളവുകൾ നിവർക്കുക, വശങ്ങൾ കെട്ടി സംരക്ഷിക്കുക, ഓടകൾ നിർമിക്കുക, അപകട സൂചനാബോർഡുകൾ സ്ഥാപിക്കുക, ഇന്റർലോക്ക് കട്ടകൾ പാകുക തുടങ്ങിയവക്കായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എന്നാൽ പലഭാഗത്തും ആളുകൾ സ്ഥലം വിട്ടുനൽകാത്തതും മറ്റൊരു പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.