ജലഘോഷയാത്രയിൽ വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് പാടിത്തുഴഞ്ഞ് ജലരാജാക്കന്മാരായ 12 പള്ളിയോടങ്ങൾ പങ്കെടുത്തു
റാന്നി: പമ്പയുടെ ഓളപ്പരപ്പിന് ആവേശം വിതറി അവിട്ടം ജലോത്സവം നടന്നു. ജലഘോഷയാത്രയിൽ വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് പാടിത്തുഴഞ്ഞ ജലരാജാക്കന്മാരായ 12 പള്ളിയോടങ്ങൾ പങ്കെടുത്തു. പാരമ്പര്യത്തനിമയിൽ തുഴച്ചിലുകാർ നയമ്പെറിഞ്ഞപ്പോൾ പമ്പയാറിന്റെ ഇരുകരയും ആവേശത്തിന്റെ അമരത്തേക്ക് ഉയർന്നു. എല്ലാ കൈകളും ഒരേ താളത്തിൽ പമ്പയാറ്റിൽ താളമിട്ട് ഒരേ വേഗത്തിൽ മുന്നോട്ട് കുതിച്ചു.
ജലോത്സവത്തിനുള്ള 12 പള്ളിയോടങ്ങളും ഉച്ചയോടെ പുല്ലൂപ്രത്ത് എത്തി. നെടുമ്പ്രയാർ, കുറിയന്നൂർ, അയിരൂർ, ചെറുകോൽ, കോറ്റാത്തൂർ-കൈതക്കോടി, കാട്ടൂർ, കീക്കൊഴൂർ, ഇടപ്പാവൂർ, ഇടക്കുളം, ഇടപ്പാവൂർ-പേരൂർ, റാന്നി, പുല്ലൂപ്രം എന്നീ പള്ളിയോടങ്ങൾ ബാച്ചുകളായി നിരന്നത് ജലോത്സവത്തിന്റെ താളമായി പരിണമിച്ചു. ഇടക്കുളം, റാന്നി, നെടുമ്പ്രയാർ എന്നീ പള്ളിയോടങ്ങൾ റാന്നി ഭഗവതിക്കുന്ന് ക്ഷേത്രക്കടവിൽ എത്തി അവരുടെ സ്വീകരണം ഏറ്റുവാങ്ങി.
എല്ലാ പള്ളിയോടങ്ങളും പുല്ലൂപ്രം ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി സ്വീകരണവും ദക്ഷിണയും ഏറ്റുവാങ്ങിയാണ് ഘോഷയാത്രക്ക് അണിനിരന്നത്.
മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ജലോത്സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര രാജു എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു. സുവനീർ പ്രകാശനം ബിന്ദു റെജി നിർവഹിച്ചു. വഞ്ചിപ്പാട്ട് മത്സരം റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് ജോർജ് എബ്രഹാം, ദക്ഷിണ ജെസി അലക്സ്, പ്രകാശ് കുഴിക്കാല എന്നിവർ ചേർന്ന് വിതരണം ചെയ്തു. എൻ.എസ്.എസ് ട്രോഫി ഷൈൻ ജി. കുറുപ്പ്, , ഹിന്ദുസ്ഥാൻ ട്രോഫി പ്രകാശ് കുഴിക്കാല, ശ്രീനാരായണ ട്രോഫി അനിത അനിൽകുമാർ, വെള്ളാള സഭ ട്രോഫി തോമസ് മാമ്മൻ, വിശ്വകർമ ട്രോഫി ടി.കെ. രാജപ്പൻ നാടൻ പന്തുകളി മത്സര വിജയികൾക്കുള്ള ട്രോഫി ആലിച്ചൻ ആറൊന്നിൽ എന്നിവർ വിതരണം ചെയ്തു. അന്നമ്മ തോമസ്, സിന്ധു സജയൻ, നയന സാബു, ബി.സുരേഷ്, ബിച്ചു കോര, പി.എൻ. പരമേശ്വരൻ നമ്പൂതിരി, പി.എൻ. ബാബുരാജ്, ജി. വിനോദ്, രവി കുന്നയ്ക്കാട്ട്, ജോജോ കോവൂർ, ഭദ്രൻ കല്ലയ്ക്കൽ, അനി വലിയകാല, സിനു എസ്. പണിക്കർ, സമദ് മേപ്രത്ത്, ശ്രീനി ശാസ്താംകോവിൽ, സജി നെല്ലുവേലി, ഫാ. ഡോ. ബെൻസി മാത്യു, സ്മിജു മറ്റക്കാട്ട്, ജോമോൻ കരിങ്കുറ്റി, കെ.പി. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.