റാന്നി: ദാനമായി നൽകുന്ന ഓരോ നല്ല വസ്ത്രവും വിശക്കുന്നവന് മുന്നിൽ ഭക്ഷണമായി മാറുന്ന പദ്ധതിക്ക് റാന്നിയിൽ തുടക്കം. ഫാ.ഡേവിസ് ചിറമേൽ ജീവകാരുണ്യ നിധി നടപ്പാക്കുന്ന ക്ലോത്ത് ബാങ്ക് വേഴ്സസ് ഫുഡ് ബാങ്ക് എന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. കിഡ്നി ഫെഡറേഷൻ സ്ഥാപകൻ ഫാ.ഡേവിസ് ചിറമേൽ രക്ഷാധികാരിയായ തൃശൂർ കൊരട്ടി കേന്ദ്രമാക്കിയുള്ള ചാരിറ്റബിൾ ട്രസ്റ്റ് റാന്നി അങ്ങാടി നാക്കോലക്കൽ സീനിയർ സിറ്റിസൺസ് കെയർ സെൻററുമായി കൈകോർത്താണ് ക്ലോത്ത് ബാങ്ക് കേന്ദ്രം ആരംഭിക്കുന്നത്.
വീടുകളിൽ ഉപയോഗിക്കാതെയിരിക്കുന്നതും പുതിയതുമായ വസ്ത്രങ്ങൾ ശേഖരിച്ച് വിൽപനശാലയിൽ പ്രദർശിപ്പിച്ച് ചെറിയ വിലയ്ക്ക് നൽകി ആ പണം ഉപയോഗിച്ച് തെരുവോരങ്ങളിലും അഗതിമന്ദിരങ്ങളിലുമൊക്കെ അന്നദാനം നടത്തുന്നതാണ് പദ്ധതി.
ഗുണമേന്മയുള്ള വസ്ത്രങ്ങൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ചുരുങ്ങിയ ചെലവിൽ വാങ്ങാനാകും. കൊരട്ടി, തൃശൂർ, വടക്കാഞ്ചേരി, കോട്ടയം, മീനങ്ങാടി, മൂവാറ്റുപുഴ തുടങ്ങി എട്ട് കേന്ദ്രത്തിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ കേന്ദ്രമാണ് റാന്നി അങ്ങാടി നാക്കോലക്കൽ സെൻററിൽ ആരംഭിക്കുന്നത്. ഭാരവാഹിസ്ഥാനമില്ലാതെ പ്രവർത്തിക്കുന്ന ഒരുപറ്റം ആളുകളാണ് ഓരോ സ്ഥലത്തും മുൻകൈയെടുക്കുന്നത്. അടുത്തമാസം വസ്ത്രബാങ്ക് പ്രവർത്തനം ആരംഭിക്കും. വസ്ത്രങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ നാക്കോലക്കൽ സീനിയർ സിറ്റിസൺ സെൻററിലോ (ഫോൺ: 9400926168) മാമുക്ക് ഗുഡ് സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്റിയിലോ (ഫോൺ: 8547224211) ഏൽപിക്കാം. അവലോകനയോഗം ഫാ.ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ വർഗീസ് മാത്യു നാക്കോലക്കൽ അധ്യക്ഷത വഹിച്ചു. റോയി മാത്യൂസ് കോർ എപ്പിസ്കോപ്പ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, തോമസ് മാമ്മൻ പുത്തൻപുരക്കൽ, എം.ഡി. രാജൻ, കോഓഡിനേറ്റർ ജോസ്, ഡോ.ജൻസി ബ്ലസൻ, റേച്ചൽ വർഗീസ്, അന്നമ്മ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.