റാന്നി: പെരുമ്പുഴ സ്റ്റാൻഡിൽ കയറുന്ന ബസുകളുടെ വിവരം രേഖപ്പെടുത്താൻ രജിസ്റ്റർ സൂക്ഷിക്കാൻ തീരുമാനമായി. റാന്നി ടൗണിലെയും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന കെ.എസ്.ടി.പിയുമായി പ്രശ്നങ്ങളും ചർച്ച ചെയ്യാൻ റാന്നിയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
പെരുമ്പുഴ സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എല്ലാ ബസുകളും കയറുന്നത് ഉറപ്പുവരുത്തണം. ഓരോ ഭാഗത്തേക്കും പോകുന്ന ബസുകൾ എവിടെ നിർത്തണം എന്നത് കെ.എസ്.ആർ.ടി.സി, ബസ് ഉടമകൾ എന്നിവരുമായി സംസാരിച്ച് തീരുമാനത്തിൽ എത്തണം. ആശുപത്രി റോഡിലുള്ള അനധികൃത പാർക്കിങ്ങിനെതിരെയും നിരീക്ഷണം നടത്താൻ തീരുമാനമായി.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കെ.എസ്.ടി.പിയുടെ ഉടമസ്ഥതയിലുള്ള യാർഡ് വൃത്തിയാക്കി പഴവങ്ങാടി പഞ്ചായത്തിന് പാർക്കിങ്ങിനായി താൽക്കാലികമായി വിട്ടുനൽകാൻ കെ.എസ്.ടി.പിയെ ചുമതലപ്പെടുത്തി.
മാമുക്ക് ജങ്ഷനിൽ ട്രാഫിക് ലൈറ്റ് സ്ഥാപിക്കാൻ തുക കണ്ടെത്താൻ പരസ്യക്കാരുമായി ആലോചിക്കാൻ തീരുമാനമെടുത്തു. വൈക്കം തിരുവാഭരണ പാതയിലേക്കുള്ള ഇറക്കത്തിന്റെ വശം കെട്ടി ക്രാഷ് ബാരിയർ സംരക്ഷിക്കാനും കെ.എസ്.ടി.പിയോട് ആവശ്യപ്പെട്ടു.
ഉതിമൂട്ടിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കാൽ രണ്ടാഴ്ചക്കുള്ളിൽ പരിഹാരം ഉണ്ടാകും. തോട്ടമൺകാവ് അമ്പലത്തിന് എതിർവശത്ത് കെ.എസ്.ടി.പി റോഡിന്റെ വശത്ത് കൈവരി സ്ഥാപിക്കും. അനധികൃത പാർക്കിങ് പൊതുജനങ്ങൾക്ക് ഫോട്ടോയെടുത്ത് മോട്ടോർ വാഹന വകുപ്പിന് അറിയിക്കാവുന്നതാണ്.
പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ പ്രകാശ്, അഡ്വ. ബിന്ദു റെജി, റൂബി കോശി, വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.