റാന്നി: റോഡ് നിയമം പാലിക്കാതെ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ മനുഷ്യ ജീവന് പുല്ലുവില കൽപ്പിക്കുന്നതായി ആരോപണം. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഇട്ടിയപ്പാറ ടൗണിലാണ് ഈ സ്ഥിതി.
ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കേണ്ട ബസുകള്‍ നടുറോഡിൽ ഇവരെ ഇറക്കി വിടുന്നതാണ് അപകട സാധ്യത ഉണ്ടാക്കുന്നത്. റാന്നിയില്‍ പെർമിറ്റ് അവസാനിക്കുന്ന ബസ്സുകളാണ് ഇത്തരത്തിൽ യാത്രക്കാരെ ബസ് സ്റ്റാന്റിനു മുന്നിലായി നടുറോഡിൽ ഇറക്കിവിടുന്നത്. ഒരു വട്ടം സ്റ്റാന്റിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാണിത്.
എരുമേലി, കോട്ടയം, ഇടമുറി ഭാഗങ്ങളില്‍ നിന്നും എത്തുന്ന ചില ബസുകളാണ് ഇത്തരത്തില്‍ പ്രവൃത്തിക്കുന്നത്. ഇതു മൂലം സ്ത്രീകളും വയോധികരും വിദ്യാർഥികളും അരക്ഷിതാവസ്ഥയിലാണ്.
റോഡ് മുറിച്ചുകടക്കാന്‍ വലിയ ബുദ്ധിമുട്ടാണിവിടെ. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാത ഉന്നത നിലവാരത്തിൽ നിർമിച്ചതോടെ ചെറു വാഹനങ്ങൾ അമിതവേഗതയിലാണ് ഇതുവഴിയെത്തുന്നത്. ബസ്സിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാർ റോഡ് മറികടന്ന് എത്തുന്നതിനിടെ നിരവധി അപകടങ്ങൾ അടുത്തയിടെ ഉണ്ടായിട്ടുണ്ട്.
അതുപോലെതന്നെ നഗരത്തിലെ വൺവേ സമ്പ്രദായവും പാടെ നിലച്ച അവസ്ഥയാണ്. മുൻപ് പൊലീസിന്റെയും ഹോം ഗാർഡിന്റെയും ചുമതലയിലായിരുന്നു നഗരത്തിലെ ഗതാഗതം. എന്നാൽ അവരെ ഇപ്പോൾ ഈ ഭാഗത്ത് കാണാനേയില്ല. ഇതോടെ ട്രാഫിക് നിയമലംഘനങ്ങളുടെ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.