റാന്നി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള വിവിധ മുന്നൊരുക്കം നവംബർ അഞ്ചിനകം പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. വടശ്ശേരിക്കര, റാന്നി പഞ്ചായത്തുകളിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിലെ കാടുവെട്ടി അപകട സൂചന ബോർഡുകൾ വെക്കുന്ന ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചതായി വകുപ്പ് അറിയിച്ചു.
മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയിൽ അപകടങ്ങൾ നിരന്തരം ഉണ്ടാക്കുന്ന സാഹചര്യത്തിൽ കൂടുതൽ അപകടസൂചന ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകി.കൂടാതെ ഈ റോഡിന്റെ വടശ്ശേരിക്കര ജങ്ഷനിലും പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ പരിഹരിക്കാനും സീബ്രാലൈനുകൾ വരക്കാനും ദേശീയപാത അതോറിറ്റിയോട് യോഗം നിർദേശിച്ചു. പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമീപം പൊതുമരാമത്ത് റോഡിന്റെ വശത്ത് അപകടകരമായി ഇട്ടിരിക്കുന്ന മരങ്ങൾ നീക്കം ചെയ്യണം. ഡി.ടി.പി.സി കെട്ടിടത്തിന് സമീപം സ്ഥാപിച്ച ടോയ്ലറ്റ് ബ്ലോക്കിന് കൈവരികൾ സ്ഥാപിക്കുന്നതിനും ശുചിമുറികളുടെ പൈപ്പുകളുടെ ചോർച്ച ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു.
കുളിക്കടവുകൾ വൃത്തിയാക്കുന്ന പ്രവൃത്തി ആരംഭിച്ചതായി മേജർ ഇറിഗേഷൻ അറിയിച്ചു. അഞ്ചാം തീയതിക്കകം പ്രവൃത്തികൾ പൂർത്തീകരിക്കും. തിരുവാഭരണ പാതയിലും വിവിധ റോഡുകളിലും വൈദ്യുതി ബോർഡ് ബൾബുകൾ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. രണ്ടുദിവസത്തിനകം പൂർത്തീകരിക്കും. റാന്നി താലൂക്ക് ആശുപത്രിയിൽ അയ്യപ്പഭക്തർക്കായി 10 കിടക്കകൾ പ്രത്യേകം ഒരുക്കിയിട്ടുള്ളത് ആശുപത്രി അധികൃതർ അറിയിച്ചു. ശുചീകരണത്തിന് വടശ്ശേരിക്കര പഞ്ചായത്തിൽ 34 താൽക്കാലിക ശുചീകരണ പ്രവർത്തകരെയാണ് എടുത്തിരിക്കുന്നത്.
കടവുകളിൽ നിയോഗിക്കുന്ന ലൈഫ് ഗാർഡുകൾക്ക് ആവശ്യമായ പരിശീലനം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നൽകും. പഞ്ചായത്ത് പ്രസിഡന്റുമാരായ ലത മോഹൻ, കെ.ആർ. പ്രകാശ്, സബ് കലക്ടർ സുമിത്ത് കുമാർ ഠാക്കൂർ, പഞ്ചായത്ത് സെക്രട്ടറിമാരായ ജി. സുധാകുമാരി, പി.ബി. സജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.