റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ടൗണിൽ ഞായറാഴ്ച വിവിധ സ്ഥലങ്ങളിലായി മൂന്ന് അപകടങ്ങൾ ഉണ്ടായി. രാവിലെ ഒമ്പതോടെ ഇട്ടിയപ്പാറ സ്റ്റാൻഡിൽ ബസിറങ്ങുന്ന ഭാഗത്ത് ബൈക്കും, കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിമുട്ടി. അപകടത്തിൽ ബസിന്റെ ഡീസൽടാങ്ക് പൊട്ടി റോഡിൽ ഒഴുകിയത് ഫയർഫോഴ്സ് എത്തികഴുകി കളഞ്ഞു.
പിന്നീട് ഇതേ സ്ഥലത്ത് തന്നെ ഉച്ചക്ക് രണ്ടിന് റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ കാറിടിച്ചു. ഇരുവാഹനങ്ങൾക്കും തകരാർ സംഭവിച്ചു. പിന്നീട് 2.30ന് ബ്ലോക്ക് പടിയിൽ കാർ ബൈക്കിൽ തട്ടി ഉണ്ടായ അപകടത്തിൽ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരത്തു നിന്ന് മുണ്ടക്കയത്തിന് പോകുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗത്തിൽ എതിരെ വന്ന കാർ സിഗ്നൽകാണിക്കാതെ കോഴഞ്ചേരി റോഡിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണം. കാർതിരിയുന്നത് ശ്രദ്ധയിൽപെട്ട ബൈക്ക് യാത്രികൻ ബ്രേക്കിട്ടതിനെത്തുടർന്ന് നിരങ്ങിവന്ന് കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് ചെരിഞ്ഞങ്കിലും കൂടുതൽ അപകടം ഉണ്ടാകാതെ ദമ്പതികൾ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശും, വികസന സമിതിയംഗം ബാലകൃഷ്ണൻ നായരും എത്തി വിഷയം പരിഹരിച്ച്, ഇരു വാഹനങ്ങളെയും യാത്രയാക്കി.
റാന്നിയിൽ സംസ്ഥാന പാതയിൽ ദിവസേന ഉണ്ടാകുന്ന അപകടത്തിന്റെ തുടർച്ചയാണിത്. റാന്നി ബ്ലോക്ക് പടി മുതൽ ചെത്തോങ്കര വരെയുള്ള സ്ഥലങ്ങളിലെ നിരന്തര അപകടത്തിന് പരിഹാരം കാണണമെന്ന് നിരവധി പരാതി ഉണ്ടായിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.