റാന്നി: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് അടക്കമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ സാങ്കേതിക പ്രശ്നമുള്ള റോഡ് സ്വന്തം നിലയിൽ സഞ്ചാരയോഗ്യമാക്കി പഞ്ചായത്ത് പ്രസിഡന്റ്.
ഇട്ടിയപ്പാറ ബൈപാസ് റോഡില്‍നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡാണ് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി സ്വന്തം നിലയിൽ പാറമക്കിട്ട് ഉറപ്പിച്ച് സഞ്ചാരയോഗ്യമാക്കിയത്. സ്വകാര്യ, കെ.എസ്.ആര്.ടി.സി ബസുകളും സ്റ്റാന്‍ഡിന് സമീപത്തെ പാര്‍ക്കിങ് സ്ഥലത്തേക്കുള്ള സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ഇതിനാണ് ഇപ്പോൾ താൽക്കാലിക പരിഹാരമായത്.
റീബില്‍ഡ് കേരള പദ്ധതിയില്‍ പന്ത്രണ്ട് നിലകളിലായി ശബരിമല ഇടത്താവളം നിർമിക്കാന്‍ പദ്ധതിയിട്ട ഭാഗത്തെ റോഡാണ് പുനുരുദ്ധരിക്കാന്‍ കഴിയാതെ സാങ്കേതിക കുരുക്കില്‍പെട്ടത്. കെട്ടിടത്തിന്റെ പൈലിങ് ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും നിർമാണം ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനം നടത്തിയില്ലെന്ന് കാട്ടി ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസാണ് പണികള്‍ മുടങ്ങാന്‍ പ്രധാന കാരണം.
കൂടാതെ മതിയായ വില നല്‍കാതെ സ്ഥലം ഏറ്റെടുത്തതെന്ന് കാട്ടി സ്വകാര്യ വ്യക്തി നല്കിയ കേസും നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ഭാഗം റോഡ് പുനരുദ്ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.