റാന്നി: പെരുനാട് പഞ്ചായത്തിൽ കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം ആവർത്തിക്കുന്ന സാഹചര്യത്തിൽ കൈവശ ഭൂമിയിലെ കാട് വെട്ടിത്തെളിക്കാൻ തയാറാകാത്ത തോട്ടം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ കലക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കടുവയുടെ ഉൾപ്പെടെ സാന്നിധ്യം ഉണ്ടായ ളാഹ-പുതുക്കട മേഖല സന്ദർശിച്ച ശേഷമാണ് എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ളാഹ ഹാരിസൺ മലയാളം പ്ലാന്റേഷൻ പുതുക്കടയിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് പിന്നിൽ കടുവ പശുക്കിടാവിനെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ ടാപ്പിങ്ങിന് പോയ തോട്ടം തൊഴിലാളിയായ ശോഭന കടുവയുടെ അക്രമണത്തിൽനിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മാസങ്ങൾക്കു മുമ്പ് ബഥനി കോളാമല ഭാഗത്ത് കടുവയുടെ ആക്രമണം തുടർച്ചയായി ഉണ്ടായിരുന്നു. അന്ന് പെരുനാട് പഞ്ചായത്ത് തോട്ടം ഉടമകളോടും സ്വകാര്യ വ്യക്തികളോടും കൈവശ ഭൂമിയിലെ കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഏതാനും ചിലരൊഴികെ മറ്റാരും ഇതിന് തയാറായില്ല.
വനം വകുപ്പ് നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ജനകീയമായ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടം ഉടമകളുടെ ആയിരക്കണക്കിന് ഏക്കർ ഭൂമി പലയിടത്തും വന്യമൃഗങ്ങൾക്ക് താവളം ഒരുക്കുംവണ്ണം കൊടുംകാടായി മാറി. പരാതി ഉയർന്നിട്ടും തൊഴിലാളികൾ അക്രമിക്കപ്പെടുന്ന സംഭവം ഉണ്ടായിട്ടും ഗൗരവത്തോടെ ഇക്കാര്യത്തിൽ ഇടപെടാൻ തോട്ടം ഉടമകൾ തയാറായിട്ടില്ല.
വന്യജീവി ആക്രമണം ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം അനുസരിച്ച് ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന തോട്ടം ഉടമകൾക്ക് എതിരായി അടിയന്തര നിയമനടപടി സ്വീകരിക്കാനും ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കണം. ഇവിടെ കൂട് സ്ഥാപിക്കണമെന്ന് എം.എൽ.എ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധസമിതി യോഗം ചേർന്ന് കൂടുവയ്ക്കാനുള്ള ശുപാർശ ചീഫ് വൈൽഡ് ലൈൻ വാർഡന് കൈമാറിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, വൈസ് പ്രസിഡന്റ് ഡി. ശ്രീകല, എസ്.എസ്. സുരേഷ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.