റാന്നി: റാന്നി പഞ്ചായത്തിലെ പുതുശേരിമല വാര്‍ഡിലെ വിജയത്തോടെ യു.ഡി.എഫ്, ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റായ കെ.ആര്. പ്രകാശ് രാജി വെച്ചു. വെള്ളിയാഴ്ച ഉച്ചക്കാണ് സെക്രട്ടറിക്ക് രാജി കത്ത് നൽകിയത്. അവിശ്വാസം വരുന്നതിനു മുമ്പേ ഒഴിയുകയായിരുന്നു.
13 അംഗ കമ്മിറ്റിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യു.ഡി.എഫ് 5 , എൽ.ഡി.എഫ് 5, ബി.ജെ.പി 2, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില.
കേരള കോൺഗ്രസ് (എം)ലെ ശോഭ ചാർളിയാണ് തുടക്കത്തിൽ പ്രസിഡന്റായത്. സ്വതന്ത്രന്റെ പിന്തുണയോടെ കോൺഗ്രസിലെ സിന്ധു സഞ്ജയനും വൈസ് പ്രസിഡന്റായി.
പിന്നാലെ കേരള കോൺഗ്രസ് അംഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിനൊപ്പം കൂടി. ഇതോടെ എൽ.ഡി.എഫിന് ആറ് അംഗങ്ങളുടെ പിന്തുണയായിരുന്നു. തുടർന്ന് കോൺഗ്രസിലെ നാല് അംഗങ്ങളും സ്വതന്ത്രനും ചേർന്ന് ശോഭ ചാർളിക്കെതിരെ അവിശ്വാസത്തിനു നോട്ടിസ് നൽകി. ബി.ജെ.പി പിന്തുണയില്‍ ഭരിക്കുന്നതിനെതിരെ എല്‍.ഡി.എഫില്‍ പ്രതിക്ഷേധം ഉയര്‍ന്നതോടെ അവർ സ്ഥാനം രാജിവച്ചു.
പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രൻ കെ.ആർ. പ്രകാശ് പ്രസിഡന്റായി. ബി.ജെപി അംഗങ്ങള്‍ വിപ്പു ലംഘിച്ചതായി ആരോപിച്ച് നേതൃത്വം തിരഞ്ഞെടുപ്പു കമ്മീഷനില്‍ കേസ് നല്കി. ഇതോടെ ബി.ജെ.പി അംഗം എ.എസ്. വിനോദ് രാജിവച്ചു. ആ ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ അജിമോനാണ് വിജയിച്ചത്.
13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഭൂരിപക്ഷത്തിനു ഏഴു പേരുടെ പിന്തുണ വേണം. അത് ഇപ്പോൾ എൽ.ഡി.എഫ് ഉറപ്പിച്ചിരിക്കുകയാണ്. എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവരുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് പ്രസിഡന്റ് രാജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.