റാന്നി: മന്ദമരുതി-വെച്ചൂച്ചിറ റോഡിനു നടുവില്‍ ടാറിങ്ങിന് തടസ്സമായി നിന്ന വൈദ്യുതി തൂണുകള്‍ മാറ്റിയ കുംഭിത്തോടുഭാഗം ടാര്‍ ചെയ്തെങ്കിലും ആനമാടം ജങ്ഷനിലെ കുഴി അടച്ചില്ല. വൈദ്യുതി തൂണ് നീക്കിയ ഭാഗം ടാർ ചെയ്യാത്തത് അപകടക്കെണിയായി. റീടാറിങ് നടത്തുന്നതില്‍ അധികൃതര്‍ മെല്ലെപ്പോക്കുനയം നടത്തുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മന്ദമരുതി വെച്ചൂച്ചിറ റോഡിലെ കുംഭിത്തോടിനു സമീപവും ആനമാടം ജങ്ഷനിലുമാണ് ടാറിങ് നടത്താതെ അധികൃതര്‍ മുമ്പ് മടങ്ങിയത്. റോഡിന് മധ്യത്തിലെ കട്ടിങ് ഒഴിവാക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. റോഡിനു മധ്യത്തില്‍ ടാറിങ്ങിനു തടസ്സമായി നിന്ന വൈദ്യുതി തൂണുകള്‍ നാളുകള്‍ക്ക് മുമ്പ് മാറ്റിയെങ്കിലും ഇത്രയും ഭാഗം ടാര്‍ ചെയ്യാതെ അധികൃതര്‍ മടങ്ങുകയായിരുന്നു. പരാതികള്‍ ഏറിയതോടെ കുംഭിത്തോടു ഭാഗം അധികൃതര്‍ ടാര്‍ ചെയ്ത് അപകടം ഒഴിവാക്കിയിരുന്നു. എന്നാല്‍, വളവുകൂടിയുള്ള ആനമാടം ഭാഗം ഒഴിവാക്കിയാണ് പോയത്. ഈ ഭാഗംകൂടി ടാറിങ് നടത്തിയാല്‍ വാഹന സഞ്ചാരം സുഗമമാകും. മടത്തുംചാല്‍-മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തിലാക്കിയതോടെയാണ് വശത്തു നിന്ന വൈദ്യുതി തൂണുകള്‍ റോഡിനു മധ്യത്തിലായത്. ആനമാടം ജങ്ഷനിലും കുംഭിത്തോടു ജലസംഭരണിക്കു സമീപവും നിന്ന തൂണുകള്‍ ടാറിങ് നടത്താന്‍ കഴിയാത്തതരത്തില്‍ റോഡിനു മധ്യത്തിലായി. ഇത് പിന്നീട് മാറ്റി. തുക വൈദ്യുതി വകുപ്പിന് കിഫ്ബി നല്കിയ ശേഷമാണ് തൂണുകള്‍ മാറ്റിയത്. തൂണുകള്‍ മാറ്റുന്നതിലെ കാലതാമസവും ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ വൈകിയതുംമൂലം ഒന്നാംഘട്ട ടാറിങ് മാത്രമേ മന്ദമരുതി മുതല്‍ കൂത്താട്ടുകുളം വരെ നടത്തിയിട്ടുള്ളൂ. ഇവിടെ മറ്റു അനുബന്ധ നിർമാണങ്ങളും പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി മടങ്ങിയത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.