റാന്നി: പെരുന്തേനരുവി ഡാമില്‍ അടിഞ്ഞ മണലും ചളിയും പമ്പാനദിക്കരയിൽ തന്നെ നിക്ഷേപിച്ച് പുനരുദ്ധാരണ പ്രഹസനവുമായി അധികൃതര്‍. പെരുന്തേനരുവി ചെറുകിട ജലസേചന പദ്ധതിയുടെ തടയണയില്‍ പ്രളയത്തില്‍ അടിഞ്ഞ ചളിയും മണലുമാണ് ഡാമിനോട് ചേര്‍ന്ന വെച്ചൂച്ചിറ ഇടത്തിക്കാവ് കരയോടു ചേര്‍ന്ന് നദിയില്‍ തന്നെ തള്ളുന്നത്. ഒരു കിലോമീറ്റര്‍ താഴെയായി പവര്‍ഹൗസിനു സമീപവും തള്ളിയിട്ടുണ്ട്. ഇതും നദിയിലും കരയിലുമായാണ് നിക്ഷേപിച്ചിരിക്കുന്നത്. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെ ഒഴുകി നദിയില്‍ തന്നെ എത്തുമെന്നുറപ്പാണ്.
തടയണയുടെ 500 മീറ്റര്‍ താഴെയാണ് പെരുന്തേനരുവി ജലവിതരണ പദ്ധതിയുടെ പമ്പുഹൗസും കിണറും സ്ഥിതി ചെയ്യുന്നത്. മുകളില്‍ നിന്നും ഒഴുകി എത്തുന്ന ചളിയും മണലും കിണറില്‍ അടിയാനിടയുണ്ട്. ചളികയറി പമ്പിങ് തടസ്സപ്പെട്ട മോട്ടോറുകള്‍ കഴിഞ്ഞ വേനലിലാണ് പുനരുദ്ധരിച്ചത്. കൂടാതെ, കിണറ്റിലെയും ഗാലറിയിലേയും ചളി നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ പ്രളയത്തില്‍ പെരുന്തേനരുവിയിലെ തടയണയിലും വൈദ്യുതി ഉൽപാദനത്തിനായി വെള്ളം എത്തിക്കുന്ന ഫോര്‍ബേ ടാങ്കിലും വന്‍തോതില്‍ ചളിയടിഞ്ഞിരുന്നു. അടഞ്ഞു കിടന്ന ഷട്ടര്‍ തുറക്കാനുമായില്ല. ഇതുമൂലം ഇവിടെ വൈദ്യുതി ഉൽപാദനം നിര്‍ത്തിവെച്ചിരുന്നു. മുമ്പ് പ്രളയത്തില്‍ തടയണയില്‍ ചളി അടിഞ്ഞതു മൂലം ആഴം കുറഞ്ഞതായി ആക്ഷേപം ഉണ്ടായിരുന്നു. തടയണയുടെ ആഴം വർധിപ്പിക്കാന്‍ മണ്ണുമാന്തി ഉപയോഗിച്ച് ചളിയും മണ്ണും നീക്കുകയാണിപ്പോള്‍.
ഇത് കൊണ്ടുവന്ന് നിക്ഷേപിക്കുന്ന സ്ഥലത്തെപ്പറ്റിയാണ് ഇപ്പോൾ തര്‍ക്കം. നദിയില്‍ വെള്ളം ഉയരുമ്പോള്‍ ഇത് ഒഴുകി പമ്പുഹൗസിലും മറ്റു കടവുകളിലും കൃഷി ഭൂമികളിലും എത്തും. ഇതിനു താഴെയായി കുടമുരട്ടി കുടിവെള്ള പദ്ധതിയുടെ കിണറും ഉണ്ട്. ഇതെല്ലാം ചളി മൂടാന്‍ സാധ്യതയേറെയാണ്. ഒരു പ്രശ്നം ഒഴിവാക്കാന്‍ വന്‍തോതില്‍ പണം ചെലവഴിച്ച് ചെയ്യുന്ന പദ്ധതി നിരവധിയാളുകളെ ബാധിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ഇതുമൂലമുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.