റാന്നി: സ്കൂൾ കിണർ വൃത്തിയാക്കിയ വനിതയായ പാചകത്തൊഴിലാളി വൈറലായി. റാന്നി വൈക്കം പാലച്ചുവട് എസ്.എൻ.ടി യു.പി സ്കൂളിലെ പാചകക്കാരിയായ സിന്ധുവാണിപ്പോൾ താരം.
കിണർ തേകണമെന്ന് പ്രഥമാധ്യാപികയുടെ ചുമതലയുള്ള രാജി ടീച്ചർ പറഞ്ഞതുകേട്ടാണ് സിന്ധു മുന്നിട്ടിറങ്ങിയത്. 20 അടിയോളം താഴ്ചയുള്ള കിണറായിരുന്നു. 42 വയസ്സുള്ള സിന്ധുവിന്റെ തീരുമാനത്തോട് രാജിക്കും സഹപ്രവർത്തകർക്കും താൽപര്യമില്ലായിരുന്നു. മുമ്പ് ഇവർ ഈ ജോലി ചെയ്തിട്ടില്ല. എന്നാൽ, സിന്ധുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അധ്യാപികമാരായ രാജിയും ബിന്ദുവും എം.പി.ടി.എ പ്രസിഡന്റ് സരിതയും വഴങ്ങി.
കപ്പികെട്ടുന്ന കമ്പിയിലെ കയറിൽ പിടിച്ചും കിണറിന്റെ വശങ്ങളിൽ ചവിട്ടിയും സിന്ധു ഏണിവരെ ഇറങ്ങി. കൂടെയുള്ളവർ ശ്വാസംപിടിച്ചാണ് കണ്ടുനിന്നത്. ഇതൊക്കെ സുപരിചിതമെന്ന മട്ടിൽ സിന്ധു കിണർ വൃത്തിയാക്കി. സഹപ്രവർത്തകർ വെള്ളവും ചെളിയും വലിച്ചുകയറ്റി. കിണർ വൃത്തിയാക്കാൻ രണ്ടരമണി ക്കൂർ വേണ്ടിവന്നു.
പിന്നീട്, രണ്ടാൾ പൊക്കത്തിലുള്ള വാട്ടർടാങ്കും സിന്ധുവും കൂട്ടരും വൃത്തിയാക്കി. എല്ലാവർഷവും സ്കൂൾ അടക്കുമ്പോൾ 1500 മുതൽ 2000 രൂപ വരെ നൽകി ചെയ്യിച്ചിരുന്ന പണികളാണ് സിന്ധുവിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. റാന്നി തോട്ടമണ്ണിൽ വാടകക്ക് താമസിക്കുന്ന ഒഴുവൻപാറ മുട്ടുമണ്ണിൽ എം.കെ. സിന്ധു ഇവിടെ പാചകക്കാരിയായത് മൂന്നുവർഷം മുമ്പ്. ഭർത്താവ് മരണപ്പെട്ടു. സ്കൂൾ പരിസരം വൃത്തിയാക്കൽ, ബസിലെ ആയ തുടങ്ങി ജോലിയും അവർ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.