റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡിൽ മാമുക്ക് ഭാഗത്ത് ഉയർത്താൻ വീണ്ടും അടയാളം ഇട്ടതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ എത്തിയപ്പോഴാണ് റാന്നി മാമുക്കിലെ വ്യാപാരികൾ അടയാളം ഇട്ടതുകണ്ടത്.
ബുധനാഴ്ച രാവിലെയാണ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ റാന്നി വലിയപാലം മുതൽ മാമുക്ക് ഭാഗത്തേക്ക് രണ്ടാമതും അടയാളം ഇട്ടത്. ഒരുമാസം മുമ്പ് എഫ്.ആർ.എൽ ലെവൽ അടയാളപ്പെടുത്തിയതിൽനിന്ന് ഒരുമീറ്റർ കൂടി ഉയർത്തിയാണ് ഇപ്പോൾ മാർക്ക് ചെയ്തിരിക്കുന്നത്. റോഡ് ഉയർത്തിയാൽ റാന്നി ടൗണിെൻറ മധ്യഭാഗത്തുള്ള മാമുക്കിലെ നൂറോളം കടമുറികൾ ഉപേക്ഷിക്കേണ്ടിവരും.
വ്യാപാരികൾ സംഘടിച്ച് ഉതിമൂട്ടിലുള്ള ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനി അധികൃതർക്കും കെ.എസ്.ടി.പി പൊൻകുന്നം ഓഫിസിലെത്തി എൻജിനീയർക്കും പരാതിനൽകി.
ആദ്യംമാർക്ക് ചെയ്തതനുസരിച്ച് ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടാകുമെങ്കിലും പൊതുനന്മക്കായി അത് സ്വീകാര്യമാണെന്ന നിലപാടാണ് വ്യാപാരികൾ സ്വീകരിച്ചത്. അപൂർവമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ ഭയന്ന് ക്രമാതീതമായി റോഡ് ഉയർത്തുന്നതുമൂലം ടൗണിലെ പ്രധാന ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിലക്കും.
വ്യാപാരികളുടെയും അനുബന്ധ ജീവനക്കാരുടെയും ഉപജീവനം നഷ്ടപ്പെടും. പ്രദേശത്തെ താമസക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. മാമുക്കിൽ ഏറ്റവും കൂടുതൽ വെള്ളം ഒഴുകിയെത്തുന്ന ഭാരത് പെട്രോൾ പമ്പിന് സമീപത്തെ തേക്കാട്ടിൽ പള്ളിപ്പടി റോഡിലെ കലുങ്ക് നിലനിർത്തി റോഡ് നിർമാണം നടത്തണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.