റാന്നി: റാന്നിയിൽനിന്ന് കോഴഞ്ചേരിയിലേക്ക് ഗതാഗതത്തിന് രണ്ട് റോഡ് ഉണ്ടങ്കിലും യാത്രാദുരിതം വിട്ടൊഴിയാതെ ജനം. പമ്പാനദിക്ക് സമാന്തരമായി റാന്നിയിൽനിന്ന് കോഴഞ്ചേരിയിലേക്ക് രണ്ട് കിലോമീറ്റർ വ്യത്യാസത്തിലാണ് റോഡുകളുള്ളത്. രണ്ടും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. പുതമൺപാലം തകർന്നതിനെ തുടർന്ന് പുതമൺ വഴി കോഴഞ്ചേരിക്കുള്ള ഉന്നത നിലവാരത്തിൽ വികസിപ്പിച്ച റോഡിൽ കഴിഞ്ഞ ഒന്നര വർഷമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
പുതമൺ പാലം അടച്ചതോടെ പ്രദേശമാകെ ഒറ്റപ്പെട്ട നിലയിലാണ്. ജനുവരി 26ന് പാലം അടച്ചശേഷം ഗതാഗതം തിരിച്ചുവിട്ടത് ചെറുകോൽപ്പുഴ റോഡിലേക്കാണ്. ഈ റോഡും തകർന്നനിലയിലാണ്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങൾ ഉണ്ടായി.
എന്നാൽ, മേയ് അവസാനമാണ് താൽകാലിക പാത കൊണ്ടുവരാമെന്ന് തീരുമാനം എടുക്കുന്നത്. എന്നാൽ, അനുമതി ലഭിച്ച് ടെൻഡർ പൂർത്തിയാക്കി താൽകാലിക പാത നിർമാണം ആരംഭിച്ചത് ആഴ്ചകൾക്ക് മുമ്പാണ്. മഴ കാരണം പ്രവൃത്തി സാവധാനത്തിലാണ് പുരോഗമിക്കുന്നത്. പെരുന്തോടിനുള്ളിൽ പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് നിർമിക്കുന്ന പാത മഴപെയ്തതോടെ ചെളിക്കുഴിയായി മാറി. വെള്ളം ഒഴുകുന്ന തോട്ടിൽ കല്ലടുക്കുന്ന നടപടി പുരോഗമിക്കുന്നേയുള്ളു.
രണ്ടാമത്തേ റോഡായ -ചെറുകോൽപ്പുഴ- മേനാം തോട്ടംറോഡ് തകർന്നുകിടക്കുന്നത് തീർഥാടകരെയും യാത്രക്കാരെയും വലക്കുന്നതാണ്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയാണിത്.
പുതമൺ പാലത്തിലൂടെ ഗതാഗതം നിരോധിച്ചതോടെ കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്കുള്ള പ്രധാന ആശ്രയമായിരുന്ന ചെറുകോൽപ്പുഴ-റാന്നി റോഡ് വാഹനഗതാഗതം കൂടിയതിനെ തുടർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡിലെ ചെറിയ കുഴികൾ വലുതായി മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിരന്തരമായി അപകടത്തിൽപെടുന്നുണ്ട്. റോഡിന്റെ വീതിയെ ചൊല്ലി ഇരുവിഭാഗങ്ങളുടെ തർക്കത്തിൽ കുരുങ്ങി പുനർനിർമാണം എങ്ങും എത്താതായി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കോഴഞ്ചേരി-ചെറുകോൽപ്പുഴ റാന്നി റോഡ് 13.6 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ 54.61 കോടി രൂപ അനുവദിച്ചിരുന്നു. വീതി സംബന്ധിച്ചായിരുന്നു തർക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.