റാന്നി: മക്കപ്പുഴയിൽ രാത്രി ടോറസ് ലോറി, ടിപ്പറില്‍ ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. ടിപ്പര്‍ ലോറി ഡ്രൈവർ വെച്ചൂച്ചിറ കുംഭിത്തോട് കൈപ്പള്ളി കളത്തില്‍ ശ്രീജില്‍ (35), ടോറസ് ലോറി ഡ്രൈവര്‍ കല്ലട വിളന്തറ വലിയപാടം സ്വദേശി ദിപുരാജ് (28) എന്നിവർക്കാണ് പരിക്കേറ്റത്.
ടിപ്പർ ലോറി ഡ്രൈവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ടോറസ് ലോറി ഡ്രൈവറെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മക്കപ്പുഴ ഗവ. യു.പി സ്കൂളിനു സമീപം വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. വാഹനം ചളിയില്‍ പുതയുന്നതൊഴിവാക്കാന്‍ പഴയ വീടിന്‍റെ അവശിഷ്ടങ്ങള്‍ എത്തിച്ച് വഴിയൊരുക്കിയ ശേഷം റോഡിലേക്ക് ടിപ്പര്‍ ലോറി കയറി വരുമ്പോഴാണ് സംഭവം.
മണ്ണുകടത്തലിന് എത്തിച്ച ടിപ്പറുകളും മണ്ണുമാന്തി യന്ത്രവും റോഡരികില്‍ പാര്‍ക്ക് ചെയ്തതു മൂലം ടോറസ് ലോറി അരികു ചേര്‍ന്നു വന്നതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. ടിപ്പര്‍ ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ ശ്രമപ്പെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സമീപത്തെ വീടിന്‍റെ മതിലും ഗേറ്റും ഇടിയില്‍ തകര്‍ന്നിട്ടുണ്ട്. ടിപ്പര്‍ ലോറിയുടെ കാബിന്‍ നിശ്ശേഷം തകര്‍ന്നു. രാത്രി മണ്ണ് കടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.