റാന്നി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുനലൂർ-മൂവാറ്റുപുഴ റോഡിെൻറ ഭാഗമായിട്ടുള്ള റാന്നി ഉതിമൂട് വലിയ കലുങ്ക് ഭാഗത്ത് മേൽപാലം നിർമിക്കാൻ സാധിക്കിെല്ലന്ന് കെ.എസ്.ടി.പി രേഖാമൂലം അറിയിച്ചു. ഈ ഭാഗത്ത് ഇപ്പോൾ മുകളിലൂടെ പോകുന്ന കനാൽറോഡിൽനിന്ന് 4.2 മീ. ഉയരം നിലനിർത്തി പുതിയ റോഡ് നിർമിക്കുമെന്നാണ് കെ.എസ്.ടി.പി അറിയിക്കുന്നത്.
സ്ഥലപരിമിതിമൂലം ഉയരംകൂട്ടാൻ കഴിയിെല്ലന്നും ഈ സ്ഥലത്ത് 150 മീ. അകലെയായി മൈനർ ബ്രിഡ്ജ് നിലനിൽക്കുന്നതിനാൽ ഫ്ലൈഓവർ നിർമിക്കുന്നത് പ്രായോഗികമല്ലെന്നും അവർ അറിയിച്ചു.
ഈ റോഡിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അനിൽ കാറ്റാടിക്കൽ, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് നൽകിയ പരാതിയുടെ മറുപടിയിലാണ് വിവരം അറിയിച്ചത്.
ഇത്തരത്തിൽ നിർമാണം നടത്തിയാൽ ഉയരമുള്ള വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്തതുമൂലം റോഡുതന്നെ അപ്രസക്തമാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന റോഡ് വീതി കുറച്ചും പലസ്ഥലങ്ങളിലും ഉയരംകുറച്ചും നിർമിക്കുന്നതുമൂലം വെള്ളം കയറി ഗതാഗതതടസ്സം നേരിടുമെന്ന ആശങ്കകളും പരാതികളും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ ജനപ്രതിനിധികളും മറ്റ് ബന്ധപ്പെട്ടവരും അടിയന്തരമായി ഇടപെട്ട് ഇവിടെ ഫ്ലൈഓവർ നിർമിക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കലുങ്ക് ഭാഗത്തെ കനാലിന് മുകളിലൂടെ ഫ്ലൈ ഓവർ നിർമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എക്ക് ഉറപ്പുനൽകിയിരുന്നു. അതോടെ ഇവിടെ ഫ്ലൈഓവർ നിർമിക്കുമെന്ന വിശ്വാസത്തിലായിരുന്നു നാട്ടുകാർ. മന്ത്രിയുടെ ഉറപ്പിന് വിരുദ്ധമായാണ് കെ.എസ്.ടി.പി ഫ്ലൈഓവർ നിർമിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഈ ഭാഗത്തെ റോഡിന് 4.2 മീ. മാത്രം മുകളിലൂടെയാണ് പമ്പ ഇറിഗേഷൻ പദ്ധതി ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന കനാൽ പോകുന്നത്.
റോഡ് ഇവിടെ താഴ്ത്തി നിർമിച്ചാൽ സൈഡിലൂടെ ഒഴുകുന്ന തോട്ടിലെ വെള്ളം റോഡിൽ കയറും. ഇപ്പോഴത്തെ വലിയ കണ്ടെയ്നർ ലോറികൾക്ക് 4.8 മുതൽ അഞ്ചു മീ. വരെ ഉയരമുണ്ട്. റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്നതോടെ മലയോര മേഖലയിലെ പ്രധാന പാതയായി പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത മാറും.
വലിയ കണ്ടെയ്നർ ഉൾപ്പെടെയുള്ള ലോറികൾ ഇതുവഴി പോകുന്നതിന് ഉതിമൂട്ടിലെ വലിയ കലുങ്കിന് മുകളിലെ കനാൽ പ്രതിബന്ധമാകും. ഇത് പരിഹരിക്കണമെങ്കിൽ കനാലിെൻറ മുകളിലൂടെ ഫ്ലൈഓവർ നിർമിക്കുക മാത്രമാണ് പോംവഴി. ഇക്കാര്യം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലാതെ പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.