പത്തനംതിട്ട : അടൂരിലെ വാടക കെട്ടിടത്തിലെ അസൗകര്യങ്ങളിൽ നിന്ന് ജില്ലയിലെ തിരഞ്ഞെടുപ്പ് സാമഗ്രികൾ കെട്ടുറുപ്പുള്ള സ്വന്തം ഇടത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെയർഹൗസ് കെട്ടിടം പണി പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുന്നതാണ് ആകെയുള്ള തടസ്സം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഓഫിസ് ഉദ്ഘാടനം നടത്താൻ ശ്രമിച്ചുവരുന്നുണ്ട്. കലക്ടറേറ്റ് വളപ്പിലാണ് മൂന്ന് നില കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇപ്പോഴുള്ള വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികളുടെ രണ്ട് മടങ്ങ് സൂക്ഷിക്കാൻ ഇവിടെ സൗകര്യമുണ്ട്. റാക്കിലായാണ് സാധനങ്ങൾ ക്രമീകരിക്കുക. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും വോട്ടിങ് ഉപകരണങ്ങൾ ഇവിടെ സൂക്ഷിക്കും. പി.ഡബ്യൂ.ഡി ബിൽഡിങ് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. നിർമാണച്ചെലവ് 3.99 കോടിയാണ്.
2020 ജൂണിലാണ് വെയർഹൗസ് നിർമാണം ആരംഭിച്ചത്. 18 മാസമായിരുന്നു നിർമാണ കാലാവധി. കോവിഡ് കേസുകൾ വർധിക്കുകയും ലോക്ക് ഡൗൺ പ്രതിസന്ധിയുണ്ടാവുകയും ചെയ്തതോടെ അന്ന് കലക്ടറുടെ പ്രത്യേക അനുമതിയിലാണ് ജോലികൾ നടന്നത്. 2022 ജനുവരിയിൽ പൂർത്തിയാകുമെന്നായിരുന്നു പിന്നീട് പറഞ്ഞിരുന്നതെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോയി. സുരക്ഷാജീവനക്കാരുടെ മുറി, ഫസ്റ്റ് ലെവൽ ചെക്കിങ് സൗകര്യം എന്നിവ ഇവിടെയുണ്ട്.
പണി പൂർത്തിയായ തെരഞ്ഞെടുപ്പ് കമീഷൻ വെയർഹൗസ് ഇപ്പോൾ പാർക്കിങ് സ്ഥലമായി ഉപയോഗിക്കുകയാണ്. കലക്ടറേറ്റിലെത്തുന്ന വാഹനങ്ങളും ജീവനക്കാരുടെ ഇരുചക്രവാഹനങ്ങളും കെട്ടിടത്തിന്റെ വരാന്തയിലാണ് പാർക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.