പത്തനംതിട്ട: ഓൺലൈൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 1.65 ഗ്രാം എം.ഡി.എം.എയും നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.12 പാക്കറ്റുകളായിട്ടാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. പാക്കറ്റ് ഒന്നിന് 3000 രൂപ നിരക്കിലാണ് വിൽപന നടത്തി വന്നത്. 36,000 രൂപയോളം വില വരും ഇതിന്.
ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും ആറന്മുള പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കാരംവേലി സ്കൂളിന് സമീപത്തുനിന്ന് യുവാക്കൾ കുടുങ്ങിയത്.കോഴഞ്ചേരി തെക്കേമല തുണ്ടാഴം ജയേഷ് ഭവനിൽ ജയേഷ് (23), പാലക്കാട് കൈരാടി വടക്കൻ ചിറ ഇടശ്ശേരി വീട്ടിൽ ജിജു സജു (26), കോഴഞ്ചേരി മേലുകര നവീൻ ജോൺ മാത്യു (24) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ മേൽനോട്ടത്തിൽ സ്പെഷൽ സ്ക്വാഡും ആറന്മുള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. ജിജുവും നവീനും ഒരു ഓൺലൈൻ കമ്പനിയിലെ ജീവനക്കാരാണ്.
മൂന്നുപേരും ചേർന്നാണ് ലഹരിവിൽപന നടത്തിവന്നത്. കൂടുതൽ ആളുകൾ ഇവരുടെ സംഘത്തിലുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കാൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.