പത്തനംതിട്ട: തുടർച്ചയായി പെയ്യുന്ന വേനൽ മഴയുടെ ആശ്വാസത്തിലാണ് മലയോര ജില്ല. ഉച്ചകഴിഞ്ഞുള്ള വേനൽ മഴ ജില്ലയിൽ എല്ലാ താലൂക്കുകളിലും ലഭിക്കുന്നുണ്ട്. ഇതോടെ വറ്റിവരണ്ട തോടുകളിലും ഉറവകളിലും വീണ്ടും തെളിനീരെത്തി.
കുടിവെള്ള ക്ഷാമവും ജലവിതരണ പദ്ധതികൾ മുടങ്ങിയതും തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയായി നിൽക്കുന്നതിനിടെയാണ് വേനൽ മഴ പെയ്തിറങ്ങുന്നത്. ശബരിഗിരി ജല വൈദ്യുത പദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളിലും അത്രക്ക് ശക്തമല്ലാത്ത മഴയുണ്ട്. അടുത്തകാലത്തൊന്നും ഉണ്ടാകാത്ത വിധം ചൂടും ജലക്ഷാമവുമാണ് ഇത്തവണ മലയോര മേഖലയിൽ.
പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളമില്ലാതെ ജനങ്ങൾ ദുരിതത്തിലായിരുന്നു. മഴ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രാഷ്ട്രീയപാർട്ടികൾക്കും ആശ്വാസമായി.
തുടർച്ചയായി ലഭിച്ച മഴ മൂലം അന്തരീക്ഷ താപനിലയിൽ നേരിയ തോതിൽ കുറവുണ്ടായത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. 36 ഡിഗ്രി സെൽഷ്യസിലാണ് ഇപ്പോൾ താപനില. ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസിലായിരുന്നു മലയോര ജില്ലയിലെ താപനില.
ചൂടിനെ തുടർന്ന് മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ അടിക്കടി തീപിടിത്തമുണ്ടായിരുന്നു. ചിലയിടങ്ങളിൽ കൃഷിയിടങ്ങൾക്ക് തീയിട്ട സംഭവവും ഉണ്ടായിരുന്നു.
മഴയെത്തിയതോടെ ഭീഷണികളൊഴിഞ്ഞ് തുടങ്ങിയിട്ടുണ്ട്. വനമേഖലക്കാണ് വേനൽ മഴ ഏറ്റവുമധികം ആശ്വാസം പകർന്നത്. ഉണങ്ങിക്കരിഞ്ഞുനിന്ന വനമേഖലയിൽ ഏതുസമയവും ഉണ്ടാകുമെന്ന് കരുതിയ തീപിടിത്തഭീഷണിക്കും ഒരുപരിധിവരെ പരിഹാരമായി.
അതേസമയം വനാന്തർ ഭാഗങ്ങളെ കാട്ടുതീയിൽനിന്ന് രക്ഷിക്കാൻ വനംവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാലും പകൽച്ചൂടിനും വരൾച്ചക്കും കുറവില്ലതാനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.