പത്തനംതിട്ട: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ജില്ല ഭരണകൂടതലത്തിൽ ഉദ്യോഗസ്ഥരെ പുനഃക്രമീകരിച്ചപ്പോൾ ഭരണാനുകൂല സംഘടന നേതാക്കൾക്കു മുൻതൂക്കം. തെരഞ്ഞെടുപ്പ് ജോലികൾക്ക് 22 പേരെ നിശ്ചയിച്ച് പത്തനംതിട്ട എ.ഡി.എം ജി. സുരേഷ് ബാബു ഇറക്കിയ ഉത്തരവാണ് പരാതിക്ക് ഇടയാക്കിയത്.
ഇതിൽ ക്രമനമ്പർ 14 മുതൽ 18 വരെയുള്ളവർ ജോയൻറ് കൗൺസിലിന്റെ പ്രധാന ഭാരവാഹികളാണ്. ഏത് ഓഫിസിൽനിന്നാണ് ഇവരെ കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റിയതെന്ന് ഉത്തരവിൽ ബോധപൂർവം മറച്ചുവെച്ചതും സംശയങ്ങൾക്ക് ഇട നൽകുന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലം റിട്ടേണിങ് ഓഫിസറായ കലക്ടറെ സഹായിക്കാൻ ഇലക്ഷൻ ക്ലർക്കായി നിയമിച്ച ആറന്മുള വില്ലേജ് ഓഫിസിലെ സീനിയർ ക്ലർക്ക് വി. വിനോജ് (ക്രമനമ്പർ 14), നിരവധി വർഷങ്ങൾ കലക്ടറേറ്റിൽ ജോലി ചെയ്തിരുന്നു.
വില്ലേജ് ഓഫിസ് സേവനം നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പ്രകാരം ഏതാനും മാസം മുമ്പാണ് ഇദ്ദേഹത്തെ ആറന്മുള വില്ലേജ് ഓഫിസിലേക്ക് സ്ഥലംമാറ്റിയത്. മുൻകാലങ്ങളിൽ കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽനിന്നും ഒരാളെ റിട്ടേണിങ് ഓഫിസറുടെ ഇലക്ഷൻ ക്ലാർക്ക് നിയമിക്കുന്നതായിരുന്നു കീഴ്വഴക്കം. ഇതാണ് പുതിയ ഉത്തരവിൽ അട്ടിമറിക്കപ്പെട്ടത്.
കോന്നി നിയോജകമണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടറുടെ (എൽ.ആർ) ഇലക്ഷൻ ക്ലർക്കായി നിയമിച്ച കോഴഞ്ചേരി വില്ലേജ് ഓഫിസിലെ സീനിയർ ക്ലാർക്കായ എസ്. ഗിരീഷ് കുമാർ (ക്രനമ്പർ 15) കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തിലെ മുഖ്യ സംഘാടകനായിരുന്നു. ഇയാൾക്കെതിരെ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കോഴഞ്ചേരി വില്ലേജ് ഓഫിസിലേക്ക് സ്ഥലംമാറ്റിയത്. എന്നാൽ, ഇപ്പോൾ കോന്നി നിയോജകമണ്ഡലത്തിന്റെ ഇലക്ഷൻ ക്ലർക്കായിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
മല്ലപ്പള്ളി താലൂക്ക് ഓഫിസിലെ സീനിയർ ക്ലർക്കായ ടി.എൻ. മോഹൻകുമാറിനെ (ക്രമനമ്പർ 16) റാന്നി നിയോജക മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടർ (എൽ.എ) ഇലക്ഷൻ ക്ലർക്കായിട്ടാണ് നിയമിച്ചത്. ടി.എസ്. സുരേഷ് (ക്രമനമ്പർ 17), വി. ഷാജു ( ക്രമനമ്പർ 18) എന്നിവരെ ലോക്സഭാ റിട്ടേണിങ് ഓഫിസറായ കലക്ടറുടെ ഓഫിസിലേക്കാണ് നിയമിച്ചത്. സീനിയർ ക്ലാർക്കുമാരായി സ്ഥാനക്കയറ്റം ലഭിച്ച് മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റിയിരുന്ന ഇവർ മൂന്നുപേരും ഏതാനും നാളുകൾക്ക് മുമ്പാണ് തിരിച്ച് മല്ലപ്പള്ളി താലൂക്ക് ഓഫിസിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.