പത്തനംതിട്ട: ബി.ജെ.പി സർക്കാറിന്റെ 10 വർഷത്തെ ഭരണത്തിനിടെ രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമം 28 ശതമാനം വർധിച്ചെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്റേതെന്നും ബൃന്ദ പറഞ്ഞു.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ ലോക വനിത ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ വെള്ളിയാഴ്ച രാവിലെ നടന്ന വനിത കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലെ കുറ്റവാളികൾ ബി.ജെ.പി ഭരണത്തിൽ സുരക്ഷിതരായി കഴിയുന്നു. നാരീശക്തി ഗ്യാരണ്ടിയെന്ന് പറയുന്ന മോദി കഴിഞ്ഞ ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക് 1, 25,000 കോടി രൂപയുണ്ടായിരുന്ന ബജറ്റ് വിഹിതം 60,000 കോടിയായി വെട്ടിക്കുറച്ചു.
ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിയില്‍ മാസങ്ങളായി പലർക്കും കൂലി ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ജനാധിപത്യ മഹിള അസോസിയേഷന് ജില്ല പ്രസിഡന്റ് വി.ജി. ശ്രീലേഖ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ശ്രീമതി, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി.എസ്. സുജാത, വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധന്, എല്‍.ഡി.എഫ് പത്തനംതിട്ട ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ്ഐസക്ക് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ലസിത നായര്‍ സ്വാഗതവും ജില്ല ട്രഷറര്‍ ലേഖ സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.