മൈലപ്ര ബാങ്ക് സെക്രട്ടറിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് ഹൈകോടതി വിലക്കി

പത്തനംതിട്ട: കോടികളുടെ ക്രമക്കേട് നടന്ന മൈലപ്ര സര്‍വിസ് സഹകരണ ബാങ്കിന്‍റെ സെക്രട്ടറി ജോഷ്വ മാത്യുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. വെള്ളിയാഴ്ചയാണ് ജോഷ്വ മാത്യുവിന്റെ ഹരജി കോടതി പരിഗണിച്ചത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കും. അതുവരെ സെക്രട്ടറിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദേശം.

വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് പത്തനംതിട്ട പൊലീസാണ് സെക്രട്ടറിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ജോഷ്വയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഹകരണ വകുപ്പ് നടത്തിയ 65 വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനൊടുവിലാണ് പൊലീസില്‍ പരാതി നല്‍കിയത്.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടും സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടും വ്യത്യസ്തമായതാണ് ജോഷ്വ മാത്യുവിന് തുണയായതെന്ന് സൂചനയുണ്ട്. ഈ മാസം 30ന് സെക്രട്ടറി വിരമിക്കാനിരിക്കുകയാണ്.

സഹകരണ വകുപ്പിന്റെ പരാതി പ്രകാരം പൊലീസ് കേസെടുക്കുമെന്നും അറസ്റ്റുണ്ടാകുമെന്നും മനസ്സിലാക്കിയ ജോഷ്വ തനിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് പരുമലയിലെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അവിടെ കിടന്നാണ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. മൂന്നാഴ്ചക്കുശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. മൈലപ്ര സഹകരണ ബാങ്കില്‍ അനുബന്ധ സ്ഥാപനമായി ഗോതമ്പ് ഫാക്ടറി സ്ഥാപിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നതോടെ നിക്ഷേപകര്‍ കൂട്ടമായി തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തി. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം പണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ, ജീവനക്കാരുടെ സമരവും തുടങ്ങി. ഇതോടെ നില്‍ക്കക്കള്ളിയില്ലാതെ സെക്രട്ടറിക്കെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗം ജെറി ഈശോ ഉമ്മനാണ് ബാങ്കിന്റെ പ്രസിഡന്റ്.

Tags:    
News Summary - The High Court has stayed the arrest of Mylapra Bank secretary for three weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.