പത്തനംതിട്ട: നാട്ടിൽ ചക്കയും, മാങ്ങയും സുലഭമായിട്ടും കാര്യമില്ല. വിപണിയിൽ പൊള്ളുന്ന വില തന്നെ. കണ്ണിമാങ്ങക്കും മാമ്പഴത്തിനും ചക്കക്കും ഇപ്പോൾ വലിയ വിലയാണ്. വഴിയോര കച്ചവടക്കാർ കൂട്ടിയിട്ട് നല്ല നാടൻ മാങ്ങ വിൽപന നടത്തിയിരുന്ന കാലത്ത് വില ഇരുപതോ മുപ്പതോ ആയിരുന്നു. ഇപ്പോ അതൊക്കെ മാറി. പുറത്തുനിന്നും മാങ്ങകൾ വന്നാലേ നമുക്ക് രുചിക്കാൻ പറ്റൂ എന്നായി.
അതും രാസവസ്തുകൾ േചർത്തത്. ഇത്തവണ നാട്ടിൻപുറങ്ങളിൽ മാങ്ങ സുലഭമാണ്. മാങ്ങക്ക് സീസൺ ആകുമ്പോൾ വില കുറയുമായിരുന്നു. അതൊക്കെ പഴയ കാലം. ഇപ്പോൾ മാങ്ങയുടെ വില ചോദിച്ചാൽ പുളിയും എരിവും ഒന്നിച്ച് അനുഭവിക്കും. ഒരു കിലോ മാങ്ങക്ക് 80 മുതൽ 100 വരെയാണ് വില. കണ്ണിമാങ്ങ കിട്ടാനില്ല. ചക്കയുടെ അവസ്ഥയും സമാനം. വരിക്ക ചക്കക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു.
അതേ സമയം വഴിയോരങ്ങളിൽ ചക്ക വിൽപ്പനക്ക് ധാരാളം പേരെ കാണാം. കിലോക്ക് 30ന് മുകളിലാണ് വരിക്ക ചക്കയുടെ വില. തമിഴ്നാട്ടിൽ എത്തിച്ചാൽ ചക്കക്ക് നല്ല വിലകിട്ടുമെന്നതിനാൽ നാട്ടിലെ ചക്ക മുഴുവൻ അവിടേക്ക് കടത്തുകയാണ്.
ജില്ലയുടെ മലയോര മേഖലകളിൽനിന്നും വൻതോതിലാണ് ചക്ക മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഒരു ചുള ചക്കക്ക് രണ്ട് രൂപ വരെ വിലയുണ്ട് തമിഴ്നാട്ടിൽ. അതിനാൽ ചക്ക സീസൺ ആകുമ്പോഴേക്കും വ്യാപാരികൾ വീടുകളിൽ എത്തി വില പറഞ്ഞ് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ലോറികൾ ചക്കയുമായി കൊൽക്കത്ത, നേപ്പാൾ, ഡൽഹി, പട്ന ഭാഗങ്ങളിലേക്കും പോകുന്നുണ്ട്.
കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പെരുമ്പാവൂരിൽ എത്തിച്ച് വിദേശത്തേക്കും കയറ്റി അയക്കുന്നുണ്ട്. ഒരു സാധാരണ ചക്കക്ക് തന്നെ 300 രൂപയോളമാകും. ഇത്തവണ ചക്കക്ക് നല്ല വിളവ് നാട്ടിൽ ഉണ്ടായിരുന്നു.എന്നാൽ നഗര പ്രദേശങ്ങളിൽ കുറവായിരുന്നു. അതാണ് ഇത്രയും വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
തോരനും കറിക്കുമായുള്ള മൂപ്പെത്താത്ത ഇടിച്ചക്ക, വരിക്ക, കൂഴ ഇനങ്ങൾ വ്യത്യാസമില്ലാതെയാണ് പുറത്തു നിന്നുള്ളവർ ശേഖരിക്കുന്നത്.വിളയാത്ത ചക്കയാണ് ഉപ്പേരിക്ക് വേണ്ടത്. കൂഴച്ചക്ക പെട്ടെന്ന് പഴുത്ത് പോകുന്നതിനാൽ വരിക്ക ചക്കയോടാണ് കച്ചവടക്കാർക്ക് പ്രിയം. ചക്കക്കുരുവിന് മാത്രം കിലോക്ക് നൂറു രൂപ മുകളിൽ വിലയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.