പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ മറവിൽ നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ധനസമാഹരണം നടത്താൻ ലക്ഷ്യമിട്ട തട്ടിപ്പായിരുന്നു മൈഗ്രേഷൻ കോൺക്ലേവ്. മുഖ്യസംഘാടകനും എൽ.ഡി.എഫ് സ്ഥാനാർഥിയും എന്ന നിലയിൽ പിരിച്ചെടുത്ത പണത്തിന്റെ യഥാർഥ കണക്ക് വെളിപ്പെടുത്തി രാഷ്ട്രീയ സത്യസന്ധത കാണിക്കാൻ തോമസ് ഐസക് തയാറാകണം. ചില രാജ്യാന്തര ഏജൻസികളും കോൺക്ലേവ് സ്പോൺസർ ചെയ്തു. അങ്ങനെ ലഭിച്ച പണത്തിന്റെ കണക്കും വ്യക്തമാക്കണം.
പത്തനംതിട്ടയിൽ അടിസ്ഥാന സൗകര്യം ഒന്നുമില്ലാത്ത സ്വകാര്യ ആശുപത്രിക്ക് (വടശ്ശേരിക്കര ശ്രീഅയ്യപ്പ മെഡിക്കൽ കോളജ്) നഴ്സിങ് കോഴ്സ് അനുവദിക്കാനും മൈഗ്രേഷൻ കോൺക്ലേവ് സംഘാടകർ 20 ലക്ഷം കോഴ വാങ്ങിയെന്ന കാര്യത്തെക്കുറിച്ചും തോമസ് ഐസക് മറുപടി പറയണം. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തോമസ് ഐസക് എന്നിവരോടൊപ്പം മാനേജ്മെന്റ് പ്രതിനിധികൾ കോൺക്ലേവ് വേദിയിൽ ഇതുസംബന്ധിച്ചു ചർച്ച നടത്തി.
സംഗീത നിശക്കുവേണ്ടി മാത്രം കോൺക്ലേവിന്റെ പേരിൽ 20 ലക്ഷം തട്ടിയെന്നാണ് ആരോപണം. തുടർച്ചയായി രണ്ടുതവണ ആരോഗ്യ ഡയറക്ടറേറ്റ് തള്ളിയ അപേക്ഷ അംഗീകരിപ്പിക്കാൻ കോൺക്ലേവ് സംഘാടകർ ആരോഗ്യമന്ത്രിയിൽ സമ്മർദം ചെലുത്തി. നഴ്സിങ് കോളജിന് അപേക്ഷ നൽകിയ വ്യക്തി ട്രസ്റ്റിന്റെ അംഗം അല്ലാതിരുന്നിട്ട് വേറെ പേര് തിരുകിക്കയറ്റി അപേക്ഷ സാധൂകരിച്ചു.
48,000 പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പ്രചരിപ്പിച്ചും വാഗ്ദാനം കൊടുത്തും തെരഞ്ഞെടുപ്പിൽ വോട്ട് തട്ടുന്നതിനും തെരഞ്ഞെടുപ്പ് ചെലവിന് പണം സമാഹരിക്കാനുമാണ് തോമസ് ഐസക് മൈഗ്രേഷൻ കോൺക്ലേവിലൂടെ ശ്രമിച്ചത്. നവകേരള സദസ്സിന്റെ മറവിലും ജില്ലയിൽനിന്ന് കോടികൾ സി.പി.എം പിരിച്ചെടുത്തു.
അതിന്റെ കണക്കുകൾ പുറത്തുവിടാൻ ജില്ല ഭരണകൂടത്തിനും ബാധ്യതയുണ്ട്. അതിനുവേണ്ടി നൽകിയ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാൻ കലക്ടർ ഇതുവരെ തയാറായിട്ടില്ല. ധനമന്ത്രി ആയിരുന്നപ്പോൾ ജില്ലയിലെ പ്രവാസികളെ തോമസ് ഐസക് എന്തുകൊണ്ട് ഓർത്തില്ലെന്നും എന്ത് പദ്ധതിയാണ് ധനമന്ത്രി എന്നനിലയിൽ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.