പത്തനംതിട്ട കോൺഗ്രസിൽ തമ്മിൽത്തല്ല് തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ടയിലെ കോൺഗ്രസിൽ തമ്മിൽത്തല്ല് അവസാനിക്കുന്നില്ല. ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്‍റെ മുറി ചവിട്ടിത്തുറക്കലും രാജ്യസഭ മുൻ ഉപാധ്യക്ഷനും ഡി.സി.സി അംഗവുമായ പ്രഫ. പി.ജെ. കുര്യന്‍റെ സാന്നിധ്യം തമ്മിലടിയിൽ കലാശിച്ചതിനും പിന്നാലെ ഡി.സി.സി യോഗത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതായും പരാതി.

സ്ത്രീത്വത്തെ അപമാനിച്ചെന്നും വധഭീഷണി മുഴക്കിയെന്നും പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജി മെഴുവേലിക്കെതിരെ പരാതിയുമായി മഹിള കോൺഗ്രസ് നേതാവാണ് രംഗത്തെത്തിയത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കെ.പി.സി.സി നേതൃത്വത്തിനും പരാതി കൈമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന ഡി.സി.സി യോഗത്തിലുണ്ടായ തർക്കങ്ങൾക്ക് പിന്നാലെ സോജി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിത്തർക്കം സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ എതിർകക്ഷിക്കുവേണ്ടി ഹാജരാകുന്ന സോജി മെഴുവേലി തിരുവനന്തപുരം വഞ്ചിയൂരിലെ ഇലക്ഷൻ കമീഷൻ കോടതിക്ക് പുറത്തുവെച്ച് പലപ്രാവശ്യം മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസവും ഇവിടെവെച്ച് വധഭീഷണി മുഴക്കി.

കഴിഞ്ഞദിവസം നടന്ന ജില്ല കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സോജിയുടെ പെരുമാറ്റം നേതാക്കളുടെ മുന്നിൽ പരാതിയായി ഉന്നയിച്ചപ്പോഴും ഇയാൾ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. പ്രഫ. പി.ജെ. കുര്യന്‍റെയും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറിന്‍റെയും ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെയും സാന്നിധ്യത്തിലാണ് ഇയാൾ ആക്രമിക്കാൻ ഓടിയടുത്തതെന്ന് മഹിള കോൺഗ്രസ് നേതാവ് പരാതിയിൽ പറയുന്നു.

ഡി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ തട്ടയിൽ ഹരികുമാറും നഹാസ് പത്തനംതിട്ടയുമാണ് ആക്രമത്തിൽനിന്ന് തന്നെ രക്ഷിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടി. നേരത്തേ സോജിയുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഇവർ കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നു.ഈ പരാതിയിന്മേൽ നടപടി പുരോഗമിക്കവെയാണ് വീണ്ടും ഇയാൾ ഭീഷണിയുമായെത്തിയത്. ഇതേത്തുടർന്നാണ് ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്. അതേസമയം, തട്ടയിൽ ഹരികുമാറും നഹാസ് പത്തനംതിട്ടയും ഡി.സി.സി യോഗത്തിൽ അതിക്രമിച്ചുകയറി തന്നെ ആക്രമിക്കാൻ ശ്രമിച്ചതായി സോജി മെഴുവേലി പത്തനംതിട്ട പൊലീസിൽ നൽകിയ പരാതിയിൽപറയുന്നു.

Tags:    
News Summary - The split continues in Pathanamthitta Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.