തിരുവല്ല: പത്തനംതിട്ടയിൽ നിന്നും ഗർഭിണിയുമായി തിരുവല്ലയിലേക്കെത്തിയ ആംബുലൻസ് പോസ്റ്റിലിടിച്ച് മറിഞ്ഞു. ഇരുമ്പ് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
എട്ടു മാസം ഗർഭിണിയായിരുന്ന സീതത്തോട് ചരിവുകാലായിൽ വീട്ടിൽ റസീന സെയ്ദുമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. റസീനയുടെ പിതൃ സഹോദരി പത്തനംതിട്ട പള്ളിപ്പടിഞ്ഞാറേതിൽ നബീസ മുസ്തഫ, നബീസയുടെ മകൾ സാലിക, റസീനയുടെ ഭർതൃ മാതാവ് പാറയ്ക്കൽ സാഹിദ എന്നിവർക്കാണ് പരിക്കേറ്റത്.
മാഞ്ഞാടി ജങ്ഷനിൽ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് തലകീഴായി മറിഞ്ഞ ആംബുലൻസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ നാലു പേരേയും നാട്ടുകാർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റസീനയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ റസീന ഐ.സി.യുവിൽ തുടരുകയാണ്. തലയ്ക്ക് സാരമായി പരിക്കേറ്റ സാഹിദയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നബീസയെയും സാലികയെയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്. പെരുനാട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.