തിരുവല്ല: തിരുവല്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് നടത്തിയ രണ്ട് മോഷണങ്ങളിലെ പ്രതികളെ ഇനിയും പിടികൂടാനാവാതെ പൊലീസ്. കഴിഞ്ഞ മാസം 24ന് കാരയ്ക്കലിൽ വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള അടച്ചിട്ടിരുന്ന വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നിരുന്നു. കുടുംബസമേതം കുവൈത്തിൽ താമസിക്കുന്ന കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്.
ചെടികൾ നനയ്ക്കുന്നതിനായി അടുത്ത ബന്ധുവായ സ്ത്രീ എത്തിയപ്പോഴാണ് വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പുളിക്കീഴ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. വീടിന്റെ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് അടുത്തദിവസം തന്നെ ശേഖരിച്ചിരുന്നു. തിരുവല്ലയിലെ ചുമത്രയിലാണ് ഈ മാസം നാലിന് രണ്ടാമത്തെ മോഷണം നടന്നത്.
വിദേശ മലയാളിയായ ചുമത്ര പുനക്കുളത്ത് ജോജി മാത്യുവിന്റെ വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം. ഇവിടെ നിന്നും കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 30,000 രൂപയും കവർച്ച ചെയ്യപ്പെട്ടു. ജോജി മാത്യുവിന്റെ മാതാവ് മറിയാമ്മ മാത്യുവാണ് വീട്ടിൽ താമസിച്ചിരുന്നത്. മോഷണം നടന്നതിന്റെ തലേദിവസം മറിയാമ്മ കുടുംബ വീട്ടിലേക്ക് പോയിരുന്നു. നാലാം തീയതി രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിലും കിടപ്പുമുറികളിലെ അലമാരകളും കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്.
തുടർന്ന് തിരുവല്ല പൊലീസിൽ വിവരം അറിയിച്ചു. ഇവിടെയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സമാനമായ തരത്തിൽ രണ്ടാമത്തെ മോഷണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം രണ്ട് മോഷണങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടൻ പിടികൂടുമെന്നും തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.