തിരുവല്ല: പത്തനംതിട്ട ജില്ലയിലെ പ്രധാന നെല്ലറയായ അപ്പർകുട്ടനാട്ടിൽ ഇക്കുറി കൃഷി മുടങ്ങും. അപ്പർകുട്ടനാട്ടിലാകമാനം ഏതാണ് 2000 ഹെക്ടറോളം വരുന്ന നെൽപാടങ്ങളാണ് ഉള്ളത്. വിതക്കേണ്ട സമയമെത്തിയിട്ടും മേഖലയിലെ നിരണത്ത് തടം, അയ്യങ്കോനാരി, കോടങ്കേരി, ചാത്തങ്കരി, വേങ്ങൽ പാടം, കൈപ്പുഴാക്ക, ചാത്തങ്കരി പാടം, ഇരുകര, വേളൂർ മുണ്ടകം, പെരുംതുരുത്തി തെക്ക്, മാണിക്കത്തടി, പാണാകേരി തുടങ്ങിയ പ്രധാന പാടശേഖരങ്ങളിൽ നിന്നടക്കം വെള്ളമൊഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഒട്ടുമിക്ക പാടശേഖരങ്ങളിലും ആറടിയിലേറെ വെള്ളമുണ്ട്. നവംബർ അവസാന വാരത്തോടെ വിത നടത്തുന്നതാണ് അപ്പർകുട്ടനാട്ടിലെ കൃഷി രീതി. പാടങ്ങളിലെ വെള്ളം വറ്റിക്കേണ്ട പെട്ടിയും പറയും സ്ഥാപിക്കുന്ന മോട്ടോർ തറകൾ മുങ്ങിക്കിടക്കുകയാണ്. ആറു മാസത്തിനിടെ അഞ്ചുതവണയാണ് മേഖലയിൽ വെള്ളപ്പൊക്കമുണ്ടായത്. ഒക്ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിനുശേഷം വെള്ളം പമ്പ് ചെയ്ത് നീക്കി നിലമൊരുക്കുന്ന ജോലികൾ പല ഭാഗങ്ങളിലും ആരംഭിച്ചിരുന്നു. എന്നാൽ, രണ്ടാഴ്ച മുമ്പ് ആരംഭിച്ച കനത്ത മഴയെത്തുടർന്ന് പാടങ്ങൾ വീണ്ടും വെള്ളത്തിലായി. ഇതോടെ നിലമൊരുക്കൽ ആരംഭിച്ച കർഷകർക്ക് സാമ്പത്തിക നഷ്്ടവുമുണ്ടായി.
പാടശേഖരങ്ങളോട് ചേർന്നുള്ള തോടുകളിൽ പോളയും പായലും അടിഞ്ഞ് നീരൊഴുക്ക് നിലച്ചുകിടക്കുന്നതിനാൽ പാടങ്ങളിൽനിന്ന് വെള്ളം വറ്റിക്കുകയെന്നത് കർഷകരെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. നിലവിലെ സാഹചര്യത്തിൽ മഴ മാറിനിന്നാൽ പാടങ്ങളിൽനിന്ന് വെള്ളമൊഴിയാൻ കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടിവരും. ഇതോടെ കൃഷിയിറക്കേണ്ട സമയം അതിക്രമിക്കും. ഉമ, ജ്യോതി വിത്തുകളാണ് മേഖലയിൽ പൊതുവെ ഉപയോഗിക്കുന്നത്. 115 മുതൽ 130 ദിവസം വരെ വിളവ് വേണ്ട വിത്താണിത്.
കഴിഞ്ഞ വർഷം കനത്ത മഴയെത്തുടർന്ന് ഡിസംബർ മധ്യത്തോടെയാണ് മേഖലയിൽ വിത്ത് വിത നടത്തിയത്. മാർച്ചിലുണ്ടായ വേനൽ മഴയെ തുടർന്ന് പാടങ്ങളിൽ വെള്ളം കയറി വൻ കൃഷി നാശം സംഭവിച്ചിരുന്നു. കഴിഞ്ഞ സീസണിലുണ്ടായ കൃഷി നാശത്തിെൻറ നഷ്്ടപരിഹാരത്തുക ഇതുവരെയും കർഷകർക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് വൈകി കൃഷിയിറക്കുന്നതിനോട് കർഷകർ വിമുഖത കാട്ടുന്നുണ്ട്. ഇക്കാരണങ്ങൾ എല്ലാം കൊണ്ട് ഇത്തവണ കൃഷി ഉപേക്ഷിക്കാനാണ് ഒട്ടുമിക്ക പാടശേഖര സമിതികളുടെയും തീരുമാനം. അങ്ങനെ വന്നാൽ നെല്ല് ഉൽപാദന രംഗത്ത് ഈ വർഷം വലിയ കുറവായിരിക്കും അനുഭവപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.