പത്തനംതിട്ട: നാമനിർദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള് മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാകുന്നത്. പത്രികകള്‍ ജില്ല വരണാധികാരിയായ കലക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. പത്തനംതിട്ടയിലെ ആദ്യ നാമനിര്‍ദേശപത്രിക ഇടതു സ്ഥാനാര്‍ഥിയായ ഡോ. ടി.എം. തോമസ് ഐസക് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
പത്തനംതിട്ട: വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ നാമനിര്‍ദേശ പത്രിക നല്കുന്നതു മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രക്രിയകളും ഏകോപിപ്പിച്ചിരിക്കുന്നത് എന്‍കോര്‍ സോഫ്റ്റ്വെയര് വഴിയാണ്. എന്‍കോര്‍ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ച സുവിധ പോര്‍ട്ടല്‍ മുഖേനയും സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാമനിർദേശ പത്രികയുടെ വിശദാംശങ്ങള്‍, വോട്ട് എണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ അറിയാനാകും.
പത്തനംതിട്ട: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ല കലക്ടറുമായ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കോളജ് വിദ്യാർഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.
ചിട്ടയോടുകൂടിയ ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് രാജ്യത്ത് നടക്കുന്നത്. സ്വീപിന്റെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഒന്നാം സ്ഥാനം തിരുവല്ല പുഷ്പഗിരി ഡെന്റല്‍ കോളജും രണ്ടാം സ്ഥാനം അടൂര്‍ സെന്റ് സിറില്‍സ് കോളജും മൂന്നാം സ്ഥാനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജും കരസ്ഥമാക്കി.
വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി നല്കി. ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ പത്മചന്ദ്രകുറുപ്പ്, സ്വീപ് നോഡല്‍ ഓഫിസര്‍ ബിനു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.