കോഴഞ്ചേരി: ഉത്രട്ടാതി ജലോത്സവനാളിൽ കരക്കാരുടെ ഹൃദയവേദനയിലും ആശ്വാസത്തിെൻറ തുഴയെറിഞ്ഞ് ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക-ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം. രാവിലെ 10.15ന് പാർഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തിെൻറ കരനാഥന്മാർ തിരുവോണത്തോണിയെ സാക്ഷിയാക്കി വെറ്റപുകയിലയും അവിൽപ്പൊതിയും മാലയും കളഭവും ഏറ്റുവാങ്ങി.
ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാർ, കെ.ജി രവി, ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ, കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ ബോർഡ് അംഗം ബി. രാധാകൃഷ്ണമേനോൻ, ദേവസ്വം അസി കമീഷണർ എസ്. അജിത്കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.ബി. ഹരിദാസ്, കോയിപ്രം ബ്ലോക്ക് പ്രസിഡൻറ് കൃഷ്ണകുമാർ, പള്ളിയോട സേവാസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാർ, സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ, ട്രഷറർ സഞ്ജീവ് കുമാർ, വൈസ് പ്രസിഡൻറ് സുരേഷ് ജി.വെൺപാല എന്നിവർ സന്നിഹിതരായിരുന്നു.
സ്വീകരണശേഷം പാർഥസാരഥി ക്ഷേത്രക്കടവിന് സമീപം ളാക-ഇടയാറന്മുള പള്ളിയോടം ചവിട്ടിത്തിരിക്കൽ ഉൾപ്പെടെ പ്രകടനം കാഴ്ചെവച്ചു.
നിയന്ത്രണങ്ങൾ പാലിച്ച് പള്ളിയോടത്തിന് പഴക്കുല സമർപ്പിക്കാനും അവിൽപ്പൊതി സമർപ്പിക്കാനും ഏതാനും ഭക്തർ എത്തിയിരുന്നു. പടിഞ്ഞാറൻമേഖലയിൽനിന്നുള്ള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാർക്കൊപ്പം പങ്കെടുത്തത്.
പൊലീസിെൻറ നേതൃത്വത്തിൽ പമ്പയിലും കരയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ആഞ്ഞിലിമൂട് പാലത്തിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടംകൂട്ടുന്നത് തടയുന്നതിനായി പൊലീസ് ഇരുചക്ര വാഹനത്തിലും പട്രോളിങ് നടത്തി.
പാർഥസാരഥി ക്ഷേത്രത്തിെൻറ കിഴക്കേനടയിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കിഴക്കേഗോപുരം മാത്രമാണ് തുറന്നുനൽകിയത്.
കാണികൾക്ക് ആവേശമായി ചെറുവള്ളങ്ങൾ
കോഴഞ്ചേരി: രണ്ടുപേരും മൂന്നുപേരും മാത്രം കയറുന്ന ചെറുവള്ളങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പമ്പയുടെ നെട്ടായത്തിൽ തുഴ എറിഞ്ഞ് ജലോത്സവ ദിനത്തിൽ പങ്കാളികളായി. തിരുവോണത്തോണിക്കുപോലും അടുക്കാൻ കഴിയാതിരുന്ന ക്ഷേത്രക്കടവിൽനിന്ന് പഴക്കുലകളും അവിൽപ്പൊതിയും മറ്റും ളാക ഇടയാറന്മുള പള്ളിയോടത്തിലേക്ക് എത്തിച്ചുനൽകാനും ചെറുവള്ളങ്ങൾ സഹായിച്ചു.
തത്സമയ സംപ്രേഷണം കണ്ടത് ആയിരങ്ങൾ
കോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിെൻറ ചടങ്ങുകൾ തത്സമയം കണ്ടത് ആയിരക്കണക്കിനാളുകൾ. ഫേസ്ബുക്കിലൂടെയും യുട്യൂബിലൂടെയും പള്ളിയോട സേവാസംഘം ഔദ്യോഗികമായി തത്സമയ സംപ്രേഷണം നടത്തിയിരുന്നു. ഇതുകൂടാതെ പള്ളിയോട പ്രേമികളുടെ ഫേസ്ബുക്ക് വഴിയും തത്സമയ സംപ്രേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.