പത്തനംതിട്ട: വള്ളിക്കോട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ക്രമക്കേടിന് വഴിയൊരുക്കാൻ അണിയറ നീക്കം തുടങ്ങിയതായി ആരോപണം. ക്യാമറ ചാർജ് വരണാധികാരി 25000 രൂപയാക്കിയത് വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് ഒഴിവാക്കാനാണെന്നാണ് ആരോപണം. അതേസമയം കാമറ വെക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന യു.ഡി.എഫ് പറഞ്ഞ പണം അത്രയും അടച്ചു. തെരഞ്ഞെടുപ്പിൽ കള്ള വോട്ടും അക്രമവും തടയാൻ വീഡിയോ കാമറ റെക്കോർഡിങ് വേണമെന്ന് യു.ഡി.എഫ് സ്ഥാനാർഥികൾ കോടതിയിലും വരണാധികാരിയോടും ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്നാണ് വീഡിയോ കാമറ വെക്കാൻ 25000 രൂപ വരണാധികാരിയുടെ ഓഫീസിൽ അടക്കാൻ കത്ത് നൽകിയത്. സ്ഥാനാർഥികൾ മൂന്ന് വീഡിയോ സ്റ്റുഡിയോയുടെ ക്വട്ടെഷൻ വരണാധികാരിക്ക് നൽകി. എല്ലാവരും 7000 രൂപയിൽ കുറഞ്ഞ തുകയാണ് രേഖപ്പെടുത്തിയത്. എന്നാൽ കുറഞ്ഞ തുക രേഖപ്പെടുത്തിയവർക്ക് നൽകാൻ തയ്യാറായിട്ടില്ല. സ്ഥാനാർഥികളിൽ നിന്നും 25000 രൂപ വാങ്ങിയ റിട്ടേണിങ് ഓഫീസർ താല്പര്യമുള്ള ആളിനെ വീഡിയോ റെക്കോർഡ് ചെയ്യാൻ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് അഴിമതിയും കള്ളവോട്ട് ചെയ്യിക്കാനും വേണ്ടിയാണെന്ന് യു.ഡി. എഫ് ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എസ്. വി. പ്രസന്നകുമാർ പറഞ്ഞു.
വെള്ളിയാഴ്ച നടന്ന ആരുവാപുലം ബാങ്ക് തെരഞ്ഞെടുപ്പിൽ 6000 രൂപക്കാണ് വീഡിയോ റെക്കോർഡ് ചെയ്തത്. ശനിയാഴ്ചയാണ് വള്ളിക്കോട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏതു വിധവും ബാങ്ക് ഭരണം പിടിക്കാനുളള ശ്രമത്തിലാണ് എൽ.ഡി.എഫ്. പോളിങ് ബൂത്തിൽ വേട്ട് ചെയ്യാനുളള കാബിൻ ഒരുക്കിയതിനെ കുറിച്ചും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒരാൾ നിന്നാൽ കാണാത്ത രീതിയിലാണ് മറയുണ്ടാക്കിയിരിക്കുന്നത്. കൂടുതൽ ബാലറ്റ് അച്ചടിച്ച് കൊണ്ടുവന്ന് ബാലറ്റ് സംശയം തോന്നാതെ നിക്ഷേപിക്കാനാണ് തല പോലും വെളിയിൽ കാണാത്ത രീതിയിൽ കാബിൻ ഒരുക്കിയത് എന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.