തൃശൂർ: വ്യാജ സ്വർണവിഗ്രഹം കാട്ടി 10 കോടി തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എളവള്ളി കണ്ടമ്പുള്ളി സുജിത് രാജിെൻറ (39) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ല സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് തള്ളിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പൂർണമായും സ്വർണത്തില്‍ നിർമിച്ചതാണെന്നും അത്യപൂർവ പുരാവസ്തുവാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. കേസിലെ മറ്റു പ്രതികളുമായി കൂട്ടുചേര്‍ന്ന് ഇടനിലക്കാരനായാണ് സുജിത് രാജ് പ്രവര്‍ത്തിച്ചത്. വിലകുറഞ്ഞ ലോഹങ്ങള്‍ കൊണ്ടായിരുന്നു വിഗ്രഹം നിർമിച്ചത്.
വിഗ്രഹം രാജകുടുംബത്തില്‍ നിന്നു ലഭിച്ച പുരാവസ്തുവാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിഗ്രഹം വില്പന നടത്താന്‍ ശ്രമിച്ചത്. വിഗ്രഹത്തിന് ദൈവികശക്തിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു. നൂറു വര്‍ഷം പഴക്കമുള്ള വിഗ്രഹം സര്‍ക്കാറിലേക്ക് തുക കെട്ടിവെച്ചാണ് താന്‍ കൈവശം വെച്ചിരിക്കുന്നതെന്നും ആയത് തെളിയിക്കുന്നതിന് കോടതിയുടെ വ്യാജ സീല്‍ പതിപ്പിച്ച രേഖകളും ഹാജരാക്കിയിരുന്നു.
വിഗ്രഹം വാങ്ങാന്‍ തയാറായ വ്യക്തി സംശയം തോന്നിയതിനെത്തുടര്‍ന്ന് പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സ്ത്രീയടക്കം ഏഴുപേർ അറസ്റ്റിലായത്. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും, കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാകാനിടയുണ്ടെന്നും, കേരളമൊട്ടാകെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തി ജനങ്ങളെ ചതിച്ച് പണം തട്ടിയെടുക്കുന്ന പ്രതിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബുവിെൻറ വാദം സ്വീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.