തൃശൂർ: ''എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. ബേബീ... എന്ന വിളിയാണ് എങ്ങും. ജീവിതത്തിൽ ഒരു വാക്കുപോലും കടുപ്പിച്ച് പറഞ്ഞിട്ടില്ല. ആ നഷ്ടപ്പെട്ട സ്നേഹമാണ് കഴിഞ്ഞ 16 വർഷത്തെ എന്റെ ഏറ്റവും വലിയ വേദന. ഓരോ നിമിഷവും ആ സ്നേഹത്തിൽ നീറിപ്പിടയുകയാണ്''- അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ പവനന്റെ സഹധർമിണിയും സാഹിത്യകാരിയുമായ പാർവതി പവനൻ കണ്ണീരണിഞ്ഞു. അന്ന്, 2006 ജൂൺ 22ന് തൃശൂർ കുണ്ടുവറയിലെ 'ദീപ്തി'യിൽ പൊഴിഞ്ഞ കണ്ണീർ ഇന്നും തോർന്നിട്ടില്ല.
പാർവതി പവനനും കൂട്ടിരിപ്പുകാരി ഓമനയും മാത്രമാണ് വീട്ടിൽ. അവസാനകാലം മറവിരോഗത്തിലായ പവനനെ ശുശ്രൂഷിക്കാൻ എത്തിയ ഓമന 'പാർവതിയമ്മക്ക്' കൂട്ടായി ഇപ്പോഴുമുണ്ട്. അവരുടെ ലോകമാണിപ്പോൾ ദീപ്തി എന്ന് പവനൻ പേരിട്ട വീട്. എഴുത്തിനിടെ ചുറ്റും മറന്നുപോയ പവനനെക്കുറിച്ച് പാർവതി പവനൻ ഇന്നും ഓർത്തെടുക്കുന്ന ഒരു സംഭവമുണ്ട്. 'നവയുഗ'ത്തിലേക്കായി കുറിപ്പെഴുതിക്കൊണ്ടിരിക്കേ മുറിയിൽ വന്ന പാർവതി കണ്ടത് പവനന്റെ തൊട്ടരികെ ജനാലയിൽ തൂങ്ങിയാടി പതിയെ കടന്നുവരുന്ന പാമ്പ്... അലമുറയിട്ട് വിവരം ധരിപ്പിച്ച പാർവതിയോട് പവനൻ പറഞ്ഞു: ''അത് അവിടെ കിടന്നോട്ടെ അതിന്റെ സ്ഥലം അവിടെയാണ്''. കുറിപ്പ് എഴുതിത്തീർക്കും വരെ പവനൻ മാറിയില്ല. ഒരുനാൾ ഡോക്ടറെ കണ്ട് മടങ്ങിയ എന്നോട് പവനൻ ചോദിച്ചു:
''എന്റെ രോഗമെന്തെന്ന് അറിയുമോ?. മറവിരോഗമാണ്''. അന്ന് ആ രോഗത്തിന്റെ ഗൗരവം മനസ്സിലായില്ല. പ്രസംഗവേദിയിൽ പരസ്പരബന്ധമില്ലാതെ സംസാരിച്ചപ്പോൾ ഇനി പോവേണ്ടെന്ന് തീരുമാനിച്ചു. പതിയെ ഓർമകളിൽനിന്ന് അദ്ദേഹം മടങ്ങി. ഒടുവിലായിരുന്നു മരണം.
ഒറ്റപ്പാലത്ത് സാഹിത്യപരിഷത്തിൽ പ്രസംഗിക്കാൻ വന്ന പവനനെ ചേട്ടൻ സുരേന്ദ്രനായിരുന്നു കൂട്ടിക്കൊണ്ടുവന്നത്.
അദ്ദേഹം അന്നുതന്നെ പാർവതിയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന കാര്യം പറയുകയും ചെയ്തു. 1954 ലായിരുന്നു വിവാഹം. ''ഇപ്പോൾ പവനനില്ലാത്ത വീട് വീടായി കണക്കാക്കാൻ പറ്റുന്നില്ല. മക്കളുടെ ഉൾപ്പെടെ വീടുകളിലേക്ക് പോകാനുമാകുന്നില്ല. പവനന്റെ എഴുത്തുമുറി, ചാരുകസേര, അദ്ദേഹത്തിന്റെ സാന്നിധ്യമറിഞ്ഞ ഓരോ വസ്തുവും അതേപോലെയുണ്ട്. ആ സാമീപ്യത്തിന്റെ ഓർമയിൽ കരച്ചിലേൽക്കാത്ത രാവുകളില്ല...''- പാർവതി പറയുന്നു.
75കാരിയായ പാർവതി പവനൻ രചിച്ച 'പവന പർവം' ഓർമക്കുറിപ്പിന് സാഹിത്യ അക്കാദമി ഉൾപ്പെടെ മൂന്ന് അവാർഡുകൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.