തൃശൂർ: നഗരത്തിലെ റോഡരികിൽ നിർത്തിയിട്ട പിക്അപ് വാനിൽനിന്ന് 500 ലിറ്റർ വ്യാജ ഡീസൽ പിടികൂടി. 20 ലിറ്ററിെൻറ 40 കന്നാസുകളിലായാണ് വ്യാജ ഡീസൽ കൊണ്ടുവന്നിരുന്നത്. ഇതിൽ 20 കന്നാസുകൾ ഡീസൽ നിറച്ച നിലയിലും 15 എണ്ണം ഒഴിഞ്ഞ നിലയിലുമായിരുന്നു. തൃശൂർ നഗരത്തിൽനിന്ന് സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇന്ധനമായി വ്യാജ ഡീസൽ ഉപയോഗിക്കുന്നതായി തൃശൂർ എ.സി.പി വി.കെ. രാജുവിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പൊലീസിനെ കണ്ട് വാഹനത്തിലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഡീസൽ വിൽപന നടത്തിയതെന്ന് കരുതുന്ന 23,500 രൂപ വാഹനത്തിൽനിന്ന് കണ്ടെടുത്തു. ഇരിങ്ങാലക്കുട സ്വദേശി തൈവളപ്പിൽ സജീവിെൻറ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വ്യാജമായി ഡീസൽ നിർമിച്ച് വിൽപന നടത്തിയതിന് അവശ്യവസ്തു നിയമപ്രകാരവും ഡീസൽ അനധികൃതമായി കൈകാര്യം ചെയ്തതിന് കേന്ദ്ര സർക്കാറിെൻറ 2005ലെ ഉത്തരവ് പ്രകാരവുമാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വ്യാജ ഡീസലിെൻറ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്ക് അയക്കും. അതിനുശേഷമേ ഡീസലിൽ ഉപയോഗിച്ച വസ്തുക്കളുടെ വിശദാംശങ്ങൾ അറിയാനാകൂ എന്ന് അസി. കമീഷണർ വി.കെ. രാജു പറഞ്ഞു. ഈസ്റ്റ് എസ്.എച്ച്. പി. ലാൽകുമാർ, ഈസ്റ്റ് സബ് ഇൻസ്പെക്ടർ എസ്. സിനോജ്, ഗോപിനാഥൻ, അസി. സബ് ഇൻസ്പെക്ടർമാരായ വില്ലിമോൻ, സുദീപ്, സന്തോഷ്, ജയകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഷനോജ്, കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘമാണ് വ്യാജ ഡീസൽ പിടിച്ചത്.
ഒറിജിനലിന് 100 രൂപ; വ്യാജന് 75
ഒറിജിനൽ ഡീസലിന് 100 രൂപയോളം വിലയുള്ളപ്പോൾ 75 രൂപ നിരക്കിലാണ് വ്യാജ ഡീസൽ വിൽപന നടത്തിയിരുന്നത്. ബസുകളിലാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇതാകട്ടെ തീപിടിത്തമുൾപ്പെടെ ഏറ്റവും അപകട സാധ്യതയുള്ളതുമാണെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.